
ദില്ലി: പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി.
എൻ ഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നിസാർ അഹമ്മദ് , മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലാണ് ഇരുവരും.
പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യ
സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യ. ചിനാബ്, ഝെലം നദികളിലെ ഡാമുകളിൽ നിന്ന് പാകിസ്ഥാനിലേക്ക് ജലമൊഴുക്കുന്നത് ഇന്ത്യ കുറച്ചു. നദീജല കരാറിൽ ഇന്ത്യയുടെ തീരുമാനങ്ങൾക്ക് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നലെ പൂർണ്ണ പിന്തുണ അറിയിച്ചുവെന്നാണ് സൂചന.
സിന്ധു നദീജല കരാർ ലംഘിച്ചാൽ യുദ്ധമെന്ന് പറഞ്ഞ പാകിസ്ഥാനോട് വിരട്ടൽ വേണ്ടെന്ന് ഇന്ത്യ ആവർത്തിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്കാണ് ഇന്ത്യ കുറച്ചത്. സ്പിൽവേ ഷട്ടർ താഴ്ത്തി ജലമൊഴുക്ക് പരിമിതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ജലമൊഴുക്ക് കുറച്ചത് ഹ്രസ്വകാലത്തേക്കുള്ള ശിക്ഷാ നടപടി എന്ന നിലയ്ക്കാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഝെലം നദിയിലെ കിഷൻഗംഗ ഡാമിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കാനും ഇന്ത്യ നടപടി തുടങ്ങി. നേരത്തെ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടും ഭീഷണിക്ക് കീഴടങ്ങില്ല എന്ന സന്ദേശം ഇന്ത്യ നല്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam