
ഇൻഡോർ: മേഘാലയയിൽ ഹണിമൂണിനെത്തിയ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക മൊഴി. പൊലീസ് അറസ്റ്റ് ചെയ്ത നവവധു സോനം രഘുവൻശിയുടെ കാമുകന്റെ മൊഴിയാണ് പുറത്ത് വന്നത്. ഭർത്താവിനെ കൊല്ലണമെന്ന് മാത്രമല്ല സോനം ആവശ്യപ്പെട്ടതെന്നും എങ്ങനെ കൊലപാതകം മൂടി വയ്ക്കണമെന്നുള്ള ആശയം കൂടിയായാണ് കാമുകനായ രാജ് കുഷ്വാഹയ്ക്ക് സോനം നൽകിയത്. ഇൻഡോർ പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയതനുസരിച്ച് കൊലപാതക സമയത്തെ എല്ലാ സാധ്യതകളേക്കുറിച്ചും സോനം രാജിനോട് വിശദമാക്കിയിരുന്നു.
മെയ് 16നാണ് ഞെട്ടിപ്പിക്കുന്ന ആവശ്യവുമായി കാമുകനെ ബന്ധപ്പെടുന്നത്. മോഷണത്തിനിടെ സംഭവിച്ചത് എന്ന് വരുത്തിയ ശേഷം വിധവയായാൽ കാമുകനുമായുള്ള വിവാഹത്തിന് പിതാവ് സമ്മതിക്കുമെന്നുമായിരുന്നു യുവതി വിശദമാക്കിയത്. തെളിവുകൾ നശിപ്പിക്കാൻ ഫോൺ തകർത്ത ശേഷം കളഞ്ഞു. പരമ്പരാഗത ശൈലിയിലുള്ള വിവാഹത്തിന് ശേഷം മധുവിധുവിനെത്തിയ ദമ്പതികളിൽ വരനാണ് മേഘാലയയിൽ കൊല്ലപ്പെട്ടത്.
നിർണായക വിവരങ്ങൾ ഒളിപ്പിച്ച ശേഷമാണ് സോനം കീഴടങ്ങിയതെന്ന് രാജാ രഘുവൻശിയുടെ സഹോദരൻ വിപിൻ രഘുവൻശി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സോനത്തിന്റെ പ്രണയ ബന്ധത്തേക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നുവെന്നും സഹോദരനോട് മറച്ചുവച്ചുവെന്നുമാണ് വിപിൻ ആരോപിച്ചത്. ഇൻഡോറിൽ നിന്ന് മൂന്ന് ബാല്യകാല സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആകാശ് രാജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുമി എന്നിവരെയാണ് സോനത്തിന്റെ കാമുകൻ മേഘാലയയിലേക്ക് അയച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിലവിൽ നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.
സോനത്തിന്റെ വിവാഹേതര ബന്ധമാണ് ഭർത്താവായ രാജാ രഘുവംശിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. കേസിലെ സമ്മർദ്ദം അതിജീവിക്കാനാവാതെയാണ് സോനം കീഴടങ്ങിയതെന്നും നിലവിൽ സോനം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ഗതാഗത രംഗത്തെ വ്യവസായിയാണ് 30കാരനായ രാജ രഘുവൻശിയും ഭാര്യ സോനമും മെയ് 20നാണ് ഗുവാഹത്തിയിലെത്തിയത്. മെയ് 23ന് ശേഷം ദമ്പതികളെ കാണാനില്ലെന്നായിരുന്നു ആദ്യം വന്ന പരാതി. ക്രിമിനൽ സംഘങ്ങൾ ഏറെ സജീവമായ സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തുകയും ചെയ്തതോടെ വലിയ രീതിയിലുള്ള തെരച്ചിലാണ് പൊലീസ്, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, എസ്ഡിആർഎഫ് എന്നിവയ്ക്കൊപ്പം നടത്തിയത്.
ഇതിനിടയിലാണ് ജൂൺ മൂന്നിന് രാജാ രഘുവൻശിയുടെ മൃതദേഹം പൊലീസ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഷില്ലോംഗ് പൊലീസ് ഇൻഡോർ ക്രൈം ബ്രാഞ്ചുമായി സഹകരിച്ച് വിശാൽ സിംഗ് ചൗഹാന്റെ വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. കൊലപാതക ദിവസം വിശാൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തിയതായും പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം