വൻ പൊട്ടിത്തെറി; കൂട്ട രാജി, പരസ്യ പ്രതിഷേധം, രഹസ്യ യോഗം; ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ മധ്യപ്രദേശ് കോൺഗ്രസിൽ തർക്കം രൂക്ഷം

Published : Aug 17, 2025, 12:44 PM IST
Rahul Gandhi, Mallikarjun Kharge

Synopsis

മധ്യപ്രദേശ് കോൺഗ്രസിൽ ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ വൻ പ്രതിഷേധം

ഭോപ്പാൽ: സംസ്ഥാനത്ത് പാർട്ടിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ട രാജിയും വ്യാപക പരസ്യ പ്രതിഷേധങ്ങളും. മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെയാണ് കാര്യങ്ങൾ കൈവിട്ടത്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ, ബുർഹാൻപുർ തുടങ്ങി വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തേറിയിലേക്ക് കാര്യങ്ങൾ നീങ്ങി. നിരവധി പേർ രാജിവെക്കുകയും നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുർഹാൻപുരിൽ നേതാക്കൾ രഹസ്യ യോഗം ചേർന്നതായും വിവരമുണ്ട്. ജില്ലാ ഭാരവാഹികളായിരുന്ന പലരും രാജിവെച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിലാണ് നിയമനങ്ങൾക്ക് അന്തിമ രൂപം നൽകിയത്. ആകെ 71 ജില്ലാ അധ്യക്ഷന്മാരിൽ 21 പേരെ നിലനിർത്തി. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള 36 പേരെ നിയമിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് 35 പേരാണ് പട്ടികയിലുള്ളത്. 12 ജില്ലാ അധ്യക്ഷന്മാർ ഒബിസി വിഭാഗത്തിൽ നിന്നാണ്. പത്ത് പേർ എസ്‌ടി വിഭാഗത്തിൽ നിന്നും പത്ത് പേർ എസ്‌സി വിഭാഗത്തിൽ നിന്നുമാണ്. നാല് സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് മൂന്ന് പേരെയും ജില്ലാ അധ്യക്ഷന്മാരാക്കി. ആറ് എംഎൽഎമാർ, എട്ട് മുൻ എംഎൽഎമാർ, മൂന്ന് മുൻ മന്ത്രിമാർ എന്നിവർ പുതുതായി ഡിസിസി പ്രസിഡൻ്റുമാരായി നിയമിക്കപ്പെട്ടു.

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനും മുൻ മന്ത്രിയുമായ ജയ്‌വർധൻ സിങിനെ തരംതാഴ്ത്തിയെന്ന് ആരോപിച്ചാണ് പ്രധാന പ്രതിഷേധം നടന്നത്. രഘോഗഡിൽ ഇന്നലെ രാത്രി വൈകിയും പ്രതിഷേധങ്ങൾ നടന്നു. ഗുണ ജില്ലാ അധ്യക്ഷനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. പിസിസി അധ്യക്ഷൻ ജിതു പട്‌വാരിയെ കുറ്റപ്പെടുത്തിയ അനുയായികൾ ഇദ്ദേഹത്തിൻ്റെ കോലവും കത്തിച്ചു. ജയ്‌വർധൻ സിങിൻ്റെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തി അദ്ദേഹത്തെ പാർട്ടിയിൽ ഒതുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നാണ് അനുയായികൾ പറയുന്നത്.

ഭോപ്പാൽ ജില്ലാ അധ്യക്ഷനായി പ്രവീൺ സക്‌സേനയെ വീണ്ടും നിയമിച്ചതിലും പ്രതിഷേധമുണ്ട്. മുൻ ജില്ലാ പ്രസിഡന്റ് മോനു സക്‌സേന സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനം ഉന്നയിച്ചു. ഇൻഡോറിൽ പുതിയ സിറ്റി പ്രസിഡന്റ് ചിന്തു ചൗക്‌സിയും ജില്ലാ പ്രസിഡന്റ് വിപിൻ വാങ്കഡെയും പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്. ഉജ്ജൈനിയിൽ മഹേഷ് പർമറും സത്‌നയിൽ സിദ്ധാർത്ഥ് കുശ്വാഹയും പാർട്ടി അണികൾക്ക് പോലും അനഭിമതരാണ്. നിയമനങ്ങളിൽ കടുത്ത അതൃപ്തി ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി പഞ്ചായത്ത് സെൽ സത്‌ന ജില്ലാ പ്രസിഡന്റായ ഹേമന്ത് പാട്ടീൽ പ്രതിഷേധിച്ച് രാജിവച്ചു. ബുർഹാൻപൂരിൽ, മുതിർന്ന നേതാവ് അരുൺ യാദവിന്റെ അനുയായികൾ രഹസ്യ യോഗം ചേർന്നുവെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരിൽ 10 പേരെങ്കിലും പുതിയ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെയുള്ള മറ്റൊരു പ്രധാന ആക്ഷേപം. വിഭാഗീയത പരിഹരിക്കുന്നതിനുപകരം പുനഃസംഘടന സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്തത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോട്ടറിയടിച്ചു കോടിപതിയായി, വിവരം നാടാകെ പരന്നതോടെ പേടിച്ച് വീട് പൂട്ടി സ്ഥലം വിട്ട് ഭാഗ്യവതിയും കുടുംബവും
വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ