
ബെംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉൾപ്പെടെ 10 കോടി രൂപയുടെ മയക്കുമരുന്നുമായി 7 പേരെ കർണാടക പൊലീസിന്റെ സിസിബി വിഭാഗം പിടികൂടി. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും മയക്കുമരുന്നെത്തിച്ച് ബെംഗളൂരുവിൽ ടെക്കികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിൽപന നടത്തുന്ന വൻ സംഘമാണ് ബെംഗളൂരുവിൽ പിടിയിലായത്. പിടിയിലായവരിൽ രണ്ട് വിദേശികളും ഒരു ദന്തൽ വിദ്യാർത്ഥിയുമുണ്ട്. മഹാദേവപുര പൊലീസിനൊപ്പം ചേർന്ന് ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനാണ് വൻ മയക്കുമരുന്ന് ശൃംഖലയെ കുടുക്കിയത്.
പിടിയിലാവരിൽ വിദേശികളും വിദ്യാർത്ഥിയും ഉൾപ്പെടുന്നു. പിടിയിലായ കെവിൻ റോഗറും, തോമസ് നവീദും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നൈജീരിയിൽ നിന്നെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഹെബ്ബഗോഡിയിൽ വീട് വാടകയ്ക്കെടുത്ത് ഇടപാടുകാരെ കണ്ടെത്തി വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആവശ്യക്കാർക്കായി മയക്കുമരുന്ന് ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ലൊക്കേഷൻ വാട്ട്സാപ്പ് വഴിയാണ് കൈമാറിയിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. 3.8 കിലോ എംഡിഎംഎ, 41 ഗ്രാം എക്സ്റ്റസി പിൽസ്, രണ്ട് കിലോയോളം വീര്യം കൂടിയ ഹൈഡ്രോ കഞ്ചാവ്, 6 കിലോ മരിജുവാന എന്നിവയാണ് പിടിച്ചെടുത്തത്. ഒരു കാറും ഒരു ടൂവീലറും സിസിബി പിടിച്ചെടുത്തിട്ടുണ്ട്. സിദ്ധാപുര, ആഡുഗോടി, മഹാദേവപുര, കെ.ജി.നഗർ എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയതും പ്രതികളെ പിടികൂടിയതും. പിടിയിലാവരിൽ ഒരു ദന്തൽ കോളേജ് വിദ്യാർത്ഥിയും ഉൾപ്പെടുന്നുണ്ട്. ഐടി എഞ്ചിനീയർമാർ എന്ന വ്യാജേനയാണ് പിടിയിലായ ചിലർ പ്രവർത്തിച്ചിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി.