
ദഹേജ്: ഗുജറാത്ത് ദഹേജിലെ ഭാറുച്ചിൽ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയിൽ പുലർച്ചെയോടെ ആണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ ജീവനക്കാർ കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു. ബഹുനില കെട്ടിടത്തിൽ എട്ട് ഫയർ എഞ്ചിനുകൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിന്റെ കീഴ് നിലകൾ പൂർണമായും തീ വിഴുങ്ങിയ നിലയിലാണ്.
മേഖലയിൽ പുക മൂടിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്. കെമിക്കൽ യൂണിറ്റിന് സമീപ മേഖലയിൽ നിന്ന് 1500ലേറെ പേരെയാണ് ഇതിനോടകം ഒഴിപ്പിച്ചിട്ടുള്ളത്. കെമിക്കൽ പ്ലാൻറിലെ മെറ്റീരിയൽ സ്റ്റോറേജ് മേഖലയിലാണ് അഗ്നി പടർന്നത്. മെഥനോൾ എഥിലിൻ ഓക്സൈഡ് അടക്കമുള്ളവ ഇവിടെ ശേഖരിച്ച് വച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം