'സ്ത്രീകളുടെ അന്തസിന് ഒരാളുടെ കീർത്തിയേക്കാൾ വില', മീ ടൂ ആരോപണത്തിൽ എംജെ അക്ബർ നൽകിയ മാനനഷ്ടകേസ് തള്ളി

By Web TeamFirst Published Feb 17, 2021, 3:13 PM IST
Highlights

1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994 ല്‍ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.

ദില്ലി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടകേസ് കോടതി തള്ളി. പരാതി ഉന്നയിക്കാൻ വർഷങ്ങൾക്കു ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. രാമായണത്തിൽ സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണം എന്നും സമൂഹത്തിൽ അതികീർത്തിയുള്ള വ്യക്തിയായിരുന്നു അക്ബർ എന്ന് കരുതുന്നില്ലെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. 

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. 1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയ തനിക്ക് അക്ബറില്‍ നിന്ന്  മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എംജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. 

വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബർ കോടതിയെ സമീപിച്ചത്. 

 

click me!