'ഞങ്ങളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചു, അവകാശങ്ങള്‍ തട്ടിയെടുത്തു'; അമിത് ഷായ്ക്ക് കത്തയച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍

By Web TeamFirst Published Aug 16, 2019, 10:40 AM IST
Highlights

'രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്'.

ശ്രീനഗര്‍: കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. സ്വാതന്ത്യ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് ഇല്‍ത്തിജ ഇക്കാര്യം അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

'രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്'- ഇല്‍ത്തിജ കത്തില്‍ പറയുന്നു . 

മാധ്യമങ്ങളോട് സംസാരിച്ചതിനാണ് തന്നെ തടവില്‍ വെച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഇനിയും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇല്‍ത്തിജ പറഞ്ഞു. 

വീട്ടുതടവില്‍ കഴിയുന്ന ഇല്‍ത്തിജ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ച് ശബ്ദസന്ദേശവും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാന്‍ കശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണഭയത്തിലാണ് താനുമെന്നും ശബ്ദസന്ദേശത്തില്‍  ഇല്‍ത്തിജ അറിയിച്ചു.

click me!