
മീററ്റ്: മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്‍റെ അഞ്ച് വയസ്സുകാരിയായ മകൾ അയൽവാസികളോട് പറഞ്ഞിരുന്നുവെന്ന് സൗരഭിന്‍റെ അമ്മ വെളിപ്പെടുത്തി. കുട്ടി കൊലപാതകം നേരിൽ കണ്ടിട്ടുണ്ടാവാമെന്നും സൗരഭിന്‍റെ അമ്മ പറയുന്നു.
സൗരഭിനെ ഭാര്യ മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്നാണ് കൊലപ്പെടുത്തിയത്. മുസ്കാന്‍റെയും അഞ്ചു വയസുള്ള മകളുടെയും ജന്മദിനം ആഘോഷിക്കാനാണ് സൌരഭ് കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയത്. ഇതിനിടെ മുസ്കാനും സാഹിൽ ശുക്ല എന്ന യുവാവും തമ്മിലുള്ള ബന്ധം സൌരഭ് അറിഞ്ഞെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. പിന്നാലെ മാർച്ച് നാലിനാണ് ഇരുവരും ചേർന്ന് സൌരഭിനെ കൊലപ്പെടുത്തുന്നത്.
സൗരഭിന് താൻ ഭക്ഷണത്തിൽ മയക്കമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കിയെന്ന് മുസ്കാൻ പറഞ്ഞു. പിന്നാലെ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കുത്തിക്കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീപ്പയിൽ നിറച്ചു. സിമന്‍റും പൊടിയും ചേർത്ത് ലായനി ഉണ്ടാക്കിയാണ് ശരീര ഭാഗങ്ങൾ ഡ്രമ്മിൽ ഒളിപ്പിച്ചത്. എന്നിട്ട് ഇഷ്ടികകൾ കൊണ്ട് മൂടി ഫ്ലാറ്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്കാൻ ഫ്ലാറ്റ് പൂട്ടി. മകളെ അമ്മയെ ഏൽപിച്ചു. മാത്രമല്ല സൌരഭിന്‍റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. എന്നാൽ സൌരഭിന്‍റെ കുടുംബം പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെയാണ് സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകിയത്. കൂടാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽ നിന്ന് രൂക്ഷമായ ഗന്ധം പുറത്ത് വന്നതും കൊലപാതകത്തിന്‍റെ ചുരുളഴിച്ചു.
സൗരഭിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി എന്നാണ് മുസ്‌കാൻ വീട്ടിലെത്തി പറഞ്ഞതെന്ന് യുവതിയുടെ അമ്മ കവിത റസ്തോഗി പറഞ്ഞു. ഇതോടെ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മുസ്കാന്‍റെ അച്ഛൻ തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകവേ വീണ്ടും ചോദിച്ചപ്പോൾ താനും സാഹിലും ചേർന്നാണ് സൌരഭിനെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ സമ്മതിച്ചെന്നും അച്ഛൻ പറഞ്ഞു. മാതാപിതാക്കൾ അറിയിച്ചതിന് പിന്നാലെ പൊലീസ് മുസ്കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.
മുസ്കാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭർത്താവ് തടഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് മകൾ കുറ്റസമ്മതം നടത്തിയെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ അച്ഛൻ പ്രമോദ് റസ്തോഗി പ്രതികരിച്ചു. അതേസമയം മുസ്കാന്‍റെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ചറിയാമായിരുന്നെന്നും അഭിഭാഷകനോട് കൂടിയാലോചിച്ചതിന് ശേഷമാണ് മുസ്കാന്‍റെ മാതാപിതാക്കൾ പൊലീസിനെ വിളിച്ചതെന്നും സൌരഭിന്‍റെ അമ്മ പറയുന്നു. ഇവരെയും തൂക്കിലേറ്റണമെന്ന് സൌരഭിന്‍റെ അമ്മ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam