ഹീറ്റ് ഐലൻഡായി ബന്ദ, ചൂട് 48 ഡിഗ്രി സെൽഷ്യസ് കടന്നു, ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിൽ, രാവിലെ 10 കഴിഞ്ഞാൽ പുറത്തിറങ്ങാനാവില്ല

Published : May 20, 2026, 03:11 PM IST
heat waves alert

Synopsis

വനമേഖലയുടെ നഷ്ടം, ജലാശയങ്ങളുടെ കുറവ്, മണൽ ഖനനം എന്നിവ കാരണം ബന്ദ ഇപ്പോൾ ഒരു 'ഹീറ്റ് ഐലൻഡ്' ആയി മാറിയിരിക്കുകയാണ്

അട്ടാര: ചൂട് 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിൽ ഉത്തർ പ്രദേശിലെ ബന്ദ ജില്ല. ഉഷ്ണതരംഗം തീവ്രമായതിന് പിന്നാലെ രാവിലെ 10 മണിയോടെ പൂർണമായി അടച്ചിടേണ്ട അവസ്ഥയിലാണ് ബന്ദ.മുൻ വർഷങ്ങളിൽ രാജസ്ഥാനിലെ ചുരു, ജയ്‌സാൽമീർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ബന്ദ ജില്ലയും ഇന്ത്യയിലെ ഏറ്റവും തീവ്രമായ ചൂട് അനുഭവപ്പെടുന്ന ഇടങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്. രാവിലെ 10 മണി കഴിഞ്ഞാൽ ബന്ദയിലെ റോഡുകളെല്ലാം വിജനമാകും. അട്ടാര ടൗണിലെ ഒരു സ്വർണ്ണവ്യാപാരി പറയുന്നതനുസരിച്ച്, പകൽ സമയത്തെ കടുത്ത ചൂട് ഒഴിവാക്കാനായി അദ്ദേഹം പുലർച്ചെ 6 മണിക്ക് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന ജോലികളെല്ലാം തീർക്കും. രാവിലെ 9 മണിയോടെ മടങ്ങിയെത്തുകയും ചെയ്യും. പത്തുമണിയാകുമ്പോഴേക്കും കടകൾ തുറന്നിരിക്കുമെങ്കിലും തെരുവുകളിൽ ആളനക്കമുണ്ടാകാറില്ല. വൈകുന്നേരത്തിന് മുൻപ് ഉപഭോക്താക്കൾ ആരും തന്നെ വരാറില്ലെന്നും ഏപ്രിൽ മാസം മുതൽ കച്ചവടത്തിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ബന്ദയിലെ വ്യാപാരികൾ വ്യക്തമാക്കുന്നത്.

ഈ വർഷം ഏപ്രിൽ 27ന് ബന്ദയിൽ 47.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. അത് ആ ദിവസത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടായിരുന്നു. പിന്നീട് ചൊവ്വാഴ്ച താപനില വീണ്ടും ഉയർന്ന് 48.2 ഡിഗ്രി സെൽഷ്യസിൽ എത്തി പുതിയ റെക്കോർഡ് കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത മാത്രമല്ല, വർഷങ്ങളായി പ്രദേശത്ത് നടക്കുന്ന പ്രാദേശികമായ പരിസ്ഥിതി നശീകരണവും വനനശീകരണവുമാണ് ബന്ദയെ ഇത്ര വലിയ ചൂടിലേക്ക് തള്ളിവിട്ടതെന്നാണ് ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും വിശദമാക്കുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിലെ തകർന്നുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയാണ് ഇതിന് പ്രധാന കാരണം. ബന്ദ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് 1991 മുതൽ 2021 വരെയുള്ള കാലയളവിൽ ബന്ദയിലെ ഇടതൂർന്ന വനമേഖലയുടെ ആറിലൊന്ന് ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്. വനഭൂമി കയ്യേറിയുള്ള കൃഷിയും വൻതോതിലുള്ള ഖനനവുമാണ് ഇതിലേക്ക് നയിച്ചത്. വിന്ധ്യൻ പർവതനിരകളിൽ നടക്കുന്ന അമിതമായ സ്ഫോടനങ്ങളും കല്ല് ക്രഷർ യൂണിറ്റുകളിൽ നിന്നുള്ള പൊടിയും ഇവിടുത്തെ ഭൂഗർഭജല റീചാർജിംഗ് സംവിധാനത്തെ പൂർണ്ണമായി തകിടം മറിച്ചു. വനനശീകരണം മണ്ണിന്റെ ഈർപ്പം നിലനിർത്താനുള്ള ശേഷി കുറയ്ക്കുകയും ചെയ്തു.

ചൂട് കടുത്തതോടെ ജനങ്ങളുടെ തൊഴിൽ രീതികളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പകലിലെ കഠിനമായ ചൂട് താങ്ങാൻ കഴിയാത്തതിനാൽ കർഷകർ ഇപ്പോൾ രാത്രി കാലങ്ങളിൽ എൽഇഡി ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിലാണ് പാടങ്ങളിൽ പണിയെടുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ജോലി ചെയ്യാൻ തൊഴിലാളികൾ വിസമ്മതിക്കുകയാണ്. ഇതിനായി തങ്ങളുടെ കൂലിയുടെ 40 ശതമാനം വരെ നഷ്ടപ്പെടുത്താൻ പോലും അവർ തയ്യാറാകുന്നു. ഗ്രാമങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പായുകയാണ്. ഉച്ചസമയങ്ങളിൽ തുറന്നിരുന്ന ഭക്ഷണശാലകൾ ഇപ്പോൾ സൂര്യാസ്തമയത്തിന് ശേഷം മാത്രമാണ് പ്രവർത്തിക്കുന്നത്. കുടിവെള്ളക്ഷാമവും വിളനാശവും ഗ്രാമീണർ നേരിടുന്നുണ്ട്.

അമിതമായ ചൂടും വൈദ്യുതി ഉപയോഗവും കാരണം ട്രാൻസ്ഫോർമറുകൾ കേടാകുന്നത് തടയാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ ജില്ലയിലെ 44 സബ് സ്റ്റേഷനുകളിലായി ആയിരത്തിലധികം ട്രാൻസ്ഫോർമറുകളിൽ നിരന്തരമായി വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ബന്ദയിലൂടെ ഒഴുകുന്ന കെൻ നദിയിൽ നിന്നും മറ്റ് ചെറിയ നദികളിൽ നിന്നും പ്രതിദിനം ആയിരക്കണക്കിന് ടൺ ചുവന്ന മണലാണ് വൻകിട യന്ത്രങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ഖനനം ചെയ്യുന്നത്. ഇത് നദികളിലെ ജലനിരപ്പ് ഗണ്യമായി കുറയാൻ കാരണമായി. വനമേഖലയുടെ നഷ്ടം, ജലാശയങ്ങളുടെ കുറവ്, മണൽ ഖനനം എന്നിവ കാരണം ബന്ദ ഇപ്പോൾ ഒരു 'ഹീറ്റ് ഐലൻഡ്' ആയി മാറിയിരിക്കുകയാണ്. പകൽ മുഴുവൻ ഉപരിതലം ചൂടുപിടിക്കുകയും രാത്രിയിലും അത് താഴാതെ വരികയും ചെയ്യുന്ന ഒരു ദുരവസ്ഥയിലാണ് ഈ പ്രദേശമുള്ളത്. വരും വർഷങ്ങളിൽ ഈ സ്ഥിതി തുടർന്നാൽ ബന്ദ മനുഷ്യർക്ക് ജീവിക്കാൻ യോഗ്യമല്ലാത്ത സ്ഥലമായി മാറുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിൽ; വിമർശിച്ച് രാഹുൽ ഗാന്ധി
350 കിലോമീറ്റർ വേഗത! കുതിച്ചു പായാൻ ഇന്ത്യയുടെ അടുത്ത ബുള്ളറ്റ് ട്രെയിൻ; ഡിസൈൻ പ്രവൃത്തികൾ അടുത്ത 6 മാസത്തിനകം തുടങ്ങും