മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നു. വിമതപക്ഷം കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുത്തതോടെ, ഓഫീസ് തിരികെ ലഭിക്കാൻ നിയമനടപടിക്ക് ഒരുങ്ങുകയാണ് മമത പക്ഷം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടങ്ങിയ തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ മമത ബാനർജി. വിമത പക്ഷം പാർട്ടി പിളർത്തി മുന്നേറുന്നതിനിടെ മമതക്ക് കനത്ത തിരിച്ചടിയായി ടി എം സി സംസ്ഥാന അധ്യക്ഷയും പാർട്ടി വിട്ടു. ബം​ഗാൾ ടി എം സി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നു. മമതയുടെ അടുത്ത അനുയായിയും മുൻ മന്ത്രിയുമാണ് ചന്ദ്രിമ ഭട്ടാചാര്യ. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായാണ് ചന്ദ്രിമ കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സുബ്രത ഭക്ഷിയെ മാറ്റിയാണ് മമത, ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയാക്കിയത്. രാജിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ ചന്ദ്രിമ കണ്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോര് കോടതിയിലേക്ക്

അതേസമയം തൃണമൂൽ കോൺ​ഗ്രസിൽ തമ്മിലടിയും പോരും കോടതിയിലേക്ക് നീങ്ങുകയാണ്. വിമതർ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത പക്ഷം പ്രതികരിച്ചു. ഓഫീസിന് സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തി. എം എൽ എമാർക്കും എം പിമാർക്കും പിന്നാലെ പാർട്ടി ആസ്ഥാനവും മമതയുടെ കൈവിട്ട് പോവുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്ത മെട്രോപൊളിറ്റനിലെ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസ് നിയന്ത്രണം ഏറ്റെടുത്തത്. അരൂപ് റോയിയെ ടി എം സി ചെയ‌ർപേഴ്സണായി തെരഞ്ഞെടുത്തത് ഓഫീസിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഓഫീസ് താഴിട്ട് പൂട്ടി സംഘം മടങ്ങി. വിവരം അറിഞ്ഞെത്തിയ മമത പക്ഷം നേതാക്കൾക്ക് ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ പോലും സാധിച്ചില്ല. പാർട്ടിയിൽനിന്നും നേരത്തെ പുറത്താക്കിയ ചില ​ഗുണ്ടകളാണ് ഓഫീസ് കയ്യടക്കിയതെന്നും നിയമപരമായി നടപടിയെടുക്കുമെന്നുമാണ് മമത പക്ഷം പ്രതികരിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് സി ആർ പി എഫിനെയും പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചത്. അതേസമയം ശിവസേനയിലെയും തൃണമൂലിലെയും പ്രശ്നങ്ങളിൽ 20 ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുമ്പ് സ്പീക്കർ ഓം ബിർള തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.