
ദില്ലി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാൻ പാടുപെടുമ്പോൾ ഉന്നത നേതൃത്വം പിആർ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനം നടക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
"നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീർ കുടിക്കുമ്പോൾ, പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്നു. ബിജെപിക്കാർ അതിന് കൈയടിക്കുകയും ചെയ്യുന്നു. ഇതൊരു നേതൃത്വമല്ല, ഇതൊരു പ്രഹസനമാണ്"- രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലേയുടെ മെലഡി മിഠായി സമ്മാനിച്ചതിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനെതിരെയും രാഹുൽ മുൻപ് രംഗത്തെത്തിയിരുന്നു. ജനങ്ങളോട് സ്വർണം വാങ്ങരുതെന്നും വിദേശത്ത് പോകരുതെന്നും പറഞ്ഞ മോദി ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വിമാനത്തിൽ കയറി വിദേശത്തേക്ക് പറക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
"നരേന്ദ്ര മോദി ജനങ്ങളോട് പറയുന്നു, സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, ഇലക്ട്രിക് വാഹനം ഓടിക്കണം. ഇതെല്ലാം പറഞ്ഞതിന് പിന്നാലെ, ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വിമാനത്തിൽ കയറി നരേന്ദ്ര മോദി വിദേശത്തേക്ക് പറക്കുന്നു, ജനങ്ങൾ ഇത് നിശബ്ദരായി നോക്കിനിൽക്കുന്നു. അതേസമയം രാജ്യത്ത് ഒരു സാമ്പത്തിക കൊടുങ്കാറ്റ് രൂപപ്പെടുകയാണ്. കടുത്ത പണപ്പെരുപ്പമുണ്ടാകും, എല്ലാ സാധനങ്ങൾക്കും വില കൂടും, വളത്തിന് ക്ഷാമമുണ്ടാകും"- രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam