
ബംഗളുരു: സ്റ്റേഷനിൽ നിർത്തിയ മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനിൽ രാത്രി 11.15ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങൾ.
സ്റ്റേഷനിൽ ട്രെയിൻ നിന്നെങ്കിലും ഡോറുകളൊന്നും തുറന്നില്ല. ഇറങ്ങാൻ തയ്യാറായി ആകത്തും ട്രെയിനിൽ കയാറെത്തിയവർ പുറത്തും കാത്തുനിന്നു. ഏതാനും സെക്കൻഡുകൾ ട്രെയിൻ സ്റ്റോപ്പിൽ നിർത്തിയ ശേഷം ഡോറുകൾ തുറക്കാതെ തന്നെ യാത്ര തുടർന്നു. ഇതാടെ യാത്രക്കാർ ലോക്കോ പൈലറ്റ് ക്യാബിന് പിന്നിലുള്ള ലേഡീസ് കോച്ചിലേക്ക് ചെന്ന് ക്യാബിന്റെ ഡോറിൽ ഇടിക്കാൻ തുടങ്ങി.
എന്താണ് സംഭവമെന്ന് മനസിലാവാതെ ലോക്കോ പൈലറ്റ് പെട്ടെന്ന് എമർജസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വജറഹള്ളിക്കും തലഗട്ടപ്പുരയ്ക്കും ഇടയ്ക്കുള്ള ട്രാക്കിൽ ട്രെയിൻ നിന്നു. ലോക്കോ പൈലറ്റ് ക്യാബിൻ ഡോർ തുറന്നതും യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ ഇറങ്ങാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയണമെന്നായിരുന്നു ആവശ്യം.
വാദപ്രതിവാദം രൂക്ഷമായപ്പോൾ എന്താണ് പറ്റിയതെന്ന് തനിക്ക് അറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ആളുകൾ ബഹളം വെച്ചപ്പോൾ എമർജൻസി ബ്രേക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് കോച്ചുകളിലേക്ക് മടങ്ങാനായിരുന്നു നിർദേശം. തുടർന്ന് ട്രെയിൻ യാത്ര തുടർന്ന് തൊട്ടടുത്ത സ്റ്റേഷനിലെത്തിച്ചു. അവിടെ ഇറങ്ങിയതും യാത്രക്കാർ ട്രെയിനിന്റെ മുന്നിലേക്ക് ചെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ തിരിച്ചെത്തിക്കാൻ പകരം സംവിധാനം വേണമെന്നായി ആവശ്യം.
ലോക്കോ പൈലറ്റ് വയർലെസ് സെറ്റിലൂടെ സ്റ്റേഷൻ കൺട്രോളറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുൻസ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന എല്ലാവരോടും വിപരീത ദിശയിലുള്ള അടുത്ത ട്രെയിനിൽ കയറാൻ നിർദേശം നൽകി. സംഭവം സ്ഥിരീകരിച്ച ബംഗളുരു മെട്രോ റെയിൽ പിആർഒ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അറിയിച്ചു. ട്രെയിൻ നിർത്തിയെങ്കിലും ഡോറുകൾ തുറന്നില്ല. സാങ്കേതിക തകരാറാണോ അതോ ഉദ്യോഗസ്ഥരുടെ പിഴവാണോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam