
ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം (CDS Bipin Rawat) 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ (Military helicopter) ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ രാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയും (Indian Air Force) മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ((Mi-17V5) ആയിരുന്നു അപകടത്തിൽ പെട്ടത്. മികവിൽ സംശയമില്ലാത്ത ഹെലികോപ്ടർ തകർന്നതിന്റെ ഞെട്ടലിലാണ് അധികൃതർ.
മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യൻ നിർമ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്നിശമന സഹായം, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.
മി-17v5vന് ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാൻ ശേഷിയുണ്ട്. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയിൽ പോലും പറക്കാൻ ഇതിന് ശേഷിയുണ്ട്. സ്റ്റാർബോർഡ് സ്ലൈഡിംഗ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സെർച്ച്ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത. പരമാവധി 13,000 കിലോഗ്രാം ആണ് ടേക്ക് ഓഫ് ഭാര ശേഷി, 36 സായുധ സൈനികരെ കൊണ്ടുപോകാനും കോപ്ടറിന് കഴിവുണ്ട്.
റഷ്യയുടെ റോസോ ബോറോൺ എക്സ്പോർട്ട് 2008-ൽ ഇന്ത്യാ ഗവൺമെന്റുമായി 80 എംഐ-17വി5 കോപ്ടറുകൾ വാങ്ങുന്നതിന് കരാറൊപ്പിട്ടിരുന്നു. 2013- ൽ ഇത് പൂർത്തിയാക്കുകയും ചെയ്തു. ഇത്തരം 71 കോപ്ടറുകൾ കൂടി വാങ്ങാൻ പുതിയ കരാറും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
ഗ്ലാസ് കോക്ക്പിറ്റ്, മൾട്ടി ഫംഗ്ഷൻ ഡിസ്പ്ലേകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഓൺബോർഡ് വെതർ റെഡാർ, ഓട്ടോ പൈലറ്റ് സിസ്റ്റം എന്നിവയും ഈ ഹെലികോപ്ടറിന്റെ പ്രത്യേകതയാണ്. വലിയ ആയുധ പ്രഹര ശേഷി കൂടിയുള്ള കോപ്ടറിന്റെ സുപ്രധാന ഭാഗങ്ങൾ കവചിത പ്ലേറ്റുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയവയാണ്.
സ്ഫോടനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇന്ധന ടാങ്കുകളിൽ സംവിധാനം, ജാമർ, എഞ്ചിൻ എക്സഹോസ്റ്റ് ഇൻഫ്രാറെഡ് സപ്രസറുകൾ, ഫ്ലോർസ് ഡിൻസ്പെൻസറുകളും കോപ്ടറിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകളിൽ പറുന്നു. 250 കിലോമീറ്റർ വരെ വേഗതയിൽ പറക്കുന്ന കോപ്ടറിന് 580 കിലോമീറ്റർ വരെയാണ് പരിധി. ആറായിരം മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും മി- 17വി5-ന്റെ പ്രത്യേകതയാണ്. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഹെലികോപ്ടറിന്റെ അപകടവ്യാപ്തിയാണ് സുരക്ഷാ ഏജൻസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam