ജോലി പോയതോടെ വീട്ടിലെത്താന്‍ സൈക്കിള്‍ യാത്ര, പാതിവഴിയില്‍ കുഴഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

By Web TeamFirst Published May 2, 2020, 9:36 AM IST
Highlights

''ഭിവാന്തിയിലെ പവര്‍ ലൂം യൂണിറ്റില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ എല്ലാവരുടെയും ജോലി നഷ്ടമായി. പണമില്ല. ഭക്ഷണമില്ല. അതോടെ ഞങ്ങളെല്ലാം നാട്ടിലേക്ക് സൈക്കിളില്‍ മടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ...''

ഭോപ്പാല്‍: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലെത്താന്‍ സൈക്കിള്‍ ചവിട്ടിപ്പോയ അതിഥി തൊഴിലാളി വഴിയില്‍ വച്ച് മരിച്ചു. മധ്യപ്രദേശിലെ ബര്‍വാനിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ബിവാന്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമാണ് ബര്‍വാനിയിലേക്കുള്ളത്. 10 ദിവസത്തിനുള്ളില്‍ ബര്‍വാനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സമാനസാഹചര്യത്തിലുള്ള മൂന്നാമത്തെ മരണമാണ് ഇത്. 

50 വയസ്സിലേറെ പ്രായമുള്ള തബറാക്ക് അന്‍സാരിയെന്നയാളാണ് മരിച്ചത്. മറ്റ് 10 പേര്‍ക്കൊപ്പമാണ് തബറാക്ക് അന്‍സാരി മഹാരാഷ്ട്രയിലെ ഭിവാന്ദിയില്‍ നിന്ന് സൈക്കിള്‍ യാത്ര ആരംഭിച്ചത്. ബിവാന്തിയിലെ പവര്‍ലൂം യൂണിറ്റില്‍ നിന്ന് എല്ലാവര്‍ക്കും ജോലി നഷ്ടപ്പെട്ടെന്നും വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് അതിഥി തൊഴിലാളികളിലൊരാളായ രമേഷ് കുമാര്‍ ഗോണ്ട് പറയുന്നത്. 

''ഭിവാന്തിയിലെ പവര്‍ ലൂം യൂണിറ്റില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ എല്ലാവരുടെയും ജോലി നഷ്ടമായി. പണമില്ല. ഭക്ഷണമില്ല. അതോടെ ഞങ്ങളെല്ലാം നാട്ടിലേക്ക് സൈക്കിളില്‍ മടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ 350 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും തബറാക്കിന് അസ്വസ്ഥത തുടങ്ങി. സൈക്കിളില്‍ നിന്ന് റോഡില്‍ വീണു'' - രമേഷ് കുമാര്‍ പറഞ്ഞു. 

തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതുമൂലമുണ്ടായ തളര്‍ച്ചയും ചൂടുമൂലമുണ്ടായ നിര്‍ജ്ജലീകരണവുമാവാം മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്രയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മൂന്നിന് അവസാനിക്കാനിരുന്ന ലോക്ക്ഡൗണ്‍ മെയ് 17 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. 

click me!