വീണ്ടും കൂട്ട പാലായനം; കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ

By Web TeamFirst Published Apr 8, 2021, 6:36 PM IST
Highlights

ലോക്ക്ഡൗൺ അനുഭവം മുമ്പിലുള്ളതിനാൽ സമാന സാഹചര്യം വരുന്നതിന് മുമ്പ് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും. മറ്റൊരു ലോക്ക്ഡൗൺ വരുമെന്ന ഭയത്താൽ നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് ഇവർ പറയുന്നത്...

ദില്ലി: 2020 ലെ ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് തൊഴിലിടത്തിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ വീണ്ടും കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നതോടെ വീണ്ടും നാട്ടിലേക്ക് മടങ്ങുകയാണ് തൊഴിലാളികൾ. ദില്ലിയിലെ അനന്ദ് വിഹാർ ബസ് ടെർമിനലിൽ നിരവധി തൊഴിലാളികളാണ് രാവിലെ മുതൽ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനിൽക്കുന്നത്. 

ലോക്ക്ഡൗൺ അനുഭവം മുമ്പിലുള്ളതിനാൽ സമാന സാഹചര്യം വരുന്നതിന് മുമ്പ് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും. മറ്റൊരു ലോക്ക്ഡൗൺ വരുമെന്ന ഭയത്താൽ നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് ഇവർ പറയുന്നത്.

ദില്ലിയിൽ മാത്രമല്ല, മുംബൈയിലും നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കൊവിഡ് വ്യാപനം എന്നതിലുപരി, തൊഴിൽ നഷ്ടപ്പെട്ട് പണമില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന ഭയമാണ് പലരെയും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്ര​ദേശ്, ദില്ലി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂകളും ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സ്വദേശത്തേക്ക് മടങ്ങാൻ തൊഴിലാളികളെ നിർബന്ധിതരാക്കിയിട്ടുണ്ട്.

ഇവിടെ കുടുങ്ങുന്നതിനേക്കാൾ നല്ലത് പോകുന്നതാണ് -  ആനന്ദ് വിഹാർ ടെർമിനലിൽ കണ്ട തൊഴിലാളി പറഞ്ഞു. ദില്ലിയിൽ ഏപ്രിൽ 30 വരെ രാത്രി 10 മുതൽ പുർച്ചെ അഞ്ച് വരെ സർക്കാ‍ർ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പുനെയിലെ ഹോട്ടലുകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചതോടെ ന​ഗരത്തിലെ 50 ശതമാനം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് പൂനെയിലെ ഹോട്ടൽ ഉടമകളുടെ അസോസിയേഷൻ പ്രസിഡന്റ് ​ഗണേഷ് ഷെട്ടി പറഞ്ഞു.

click me!