
ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന സമരങ്ങളെ തണുപ്പിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച റാബി വിളകള്‍ക്കുള്ള താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തു. പുതിയ ബില്ലുകളില്‍ താങ്ങുവിലയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും താങ്ങുവില എടുത്തുമാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വര്‍ധന വരുത്തിയത്.
ഗോതമ്പിന്റെ താങ്ങുവില 50 രൂപയാണ് വര്‍ധിപ്പച്ചത്. ഈ സീസണില്‍ 1975 രൂപയായിരിക്കും ഗോതമ്പിന്റെ താങ്ങുവില. കടുകിന്റെയും പയറുവര്‍ഗങ്ങളുടെയും താങ്ങുവിലയില്‍ 225 രൂപയുടെ വര്‍ധനവുണ്ടായി. പരിപ്പിന്റെ താങ്ങുവിലയിലാണ് ഏറ്റവും വലിയ വര്‍ധന. 300 രൂപയാണ് പരിപ്പിന് വര്‍ധിപ്പിച്ചത്. റാബി വിളകളുടെ താങ്ങുവില വര്‍ധനവ് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയെന്ന് എക്കണോമിക് അഫയേഴ്‌സ് കാബിനറ്റ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാറിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. ബില്ലിനെതിരെ സമരത്തിലുള്ള കര്‍ഷകരെ കളിയാക്കുന്നതാണ് കേന്ദ്ര നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ സമരങ്ങള്‍ നടക്കുകയാണ്. ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തിയ എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam