
ചെന്നൈ: ടിവികെ എംഎൽഎ വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ആരോപണം തള്ളി തമിഴ്നാട് സർക്കാർ. ഡിഎംകെ എംപി കെ കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി ടി ആർ നിർമൽ കുമാർ പ്രതികരിച്ചു. അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെ ഉയർന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സമൂഹമാധ്യമങ്ങളിൽ കണ്ടത് ഏറ്റെടുത്ത് കനിമൊഴി പറയുന്നത് ശരിയാണോ? കനിമൊഴി ആണ് ഇത് തുടങ്ങിയത്. നാളെ കനിമൊഴിക്കെതിരെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും വന്നാൽ എന്തുണ്ടാകും? ടിവികെ എംഎൽഎമാരെ മൂന്ന് ദിവസം റിസോർട്ടിൽ താമസിപ്പിക്കും എന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. അത് പോലെ വ്യാജവാർത്ത ആണ് ഇതുമെന്നും മന്ത്രി പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണം ഏറ്റെടുത്താണ് കനിമൊഴിയും രംഗത്തെത്തിയത്. ടിവികെ എംഎൽഎമാരിൽ നിന്ന് ജില്ലാ കളക്ടർമാക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് എംഎൽഎയിൽ നിന്ന് അശ്ലീല സന്ദേശം ലഭിച്ചുവെന്നും എംഎൽഎ മദ്യലഹരിയിൽ കളക്ടറുടെ വസതിയിൽ എത്തിയെന്നും കനിമൊഴി ആരോപിച്ചിരുന്നു.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അരുൾ വിഗ്നേഷ് എംഎൽഎ പ്രതികരിച്ചിരുന്നു. ഇതെല്ലാം വെറും വ്യാജപ്രചാരണങ്ങളാണെന്നും കനിമൊഴി തനിക്കെതിരെ മോശം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ, സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളുമുള്ള കളക്ടറുടെ വസതിയിൽ തനിക്ക് എങ്ങനെ അതിക്രമിച്ചു കയറാനാകുമെന്നും ചോദിച്ചു. വിവാദത്തിനിടെ മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ് പാർട്ടി യോഗം വിളിച്ചുചേർത്തിരുന്നു. അതിനിടെ, അരുൺ വിഗ്നേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ സൈദാപ്പേട്ടിലെ പനഗൽ മാളികയ്ക്ക് സമീപമായിരുന്നു പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam