ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും സഖ്യം രൂപീകരിക്കുന്നു. ഇന്ത്യാ മുന്നണി അവഗണിച്ചതോടെയാണ് ദളിത്-മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് ഇരുവരും പുതിയ മൂന്നാം ബദൽ തേടുന്നത്.
ഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയിൽ വൻ രാഷ്ട്രീയ കരുനീക്കങ്ങൾ. പ്രതിപക്ഷത്ത് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും തമ്മിൽ കൈകോർത്തു. ഇരു കക്ഷികളും സഖ്യത്തിൽ മത്സരിക്കാൻ തീരുമാനിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു.
ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സമാജ്വാദി പാർട്ടിയും കോൺഗ്രസും തങ്ങളെ 'ഇന്ത്യാ' മുന്നണിയിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ചന്ദ്രശേഖർ ആസാദുമായി കൈകോർത്തത്. സംസ്ഥാനത്തെ ദളിത്, മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഫലത്തിൽ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്നത് ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് കൂടുതൽ ആത്മവിശ്വാസവും നൽകും. ബിജെപിക്കെതിരെയും മറ്റ് മുഖ്യധാരാ മുന്നണികൾക്കെതിരെയും ശക്തമായ മൂന്നാം ബദലെന്ന ലക്ഷ്യത്തോടെയാണ് ഒവൈസിയും ചന്ദ്രശേഖർ ആസാദും മുന്നോട്ട് പോകുന്നത്.
ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിൽ ഒക്ടോബർ രണ്ടിനകം തീരുമാനമെടുക്കണമെന്ന് സമാജ്വാദി പാർട്ടിയോടും കോൺഗ്രസിനോടും ഒവൈസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും ഈ ആവശ്യം ഗൗനിച്ചില്ല. ഉത്തർപ്രദേശിൽ എഐഎംഐഎമ്മിന് വലിയ സ്വാധീനമില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഒവൈസിക്ക് നിർണായക സ്വാധീനമുണ്ട്. അതേസമയം, യുവ ദളിത് വോട്ടർമാർക്കിടയിൽ തങ്ങളുടെ അടിത്തറ വികസിപ്പിക്കാനാണ് ചന്ദ്രശേഖർ ആസാദ് ശ്രമിക്കുന്നത്.














