നിങ്ങളുടെ നാവ് ശരിയാക്കൂ, കാഷ്വാലിറ്റിയിൽ എല്ലാവർക്കും മുന്നിൽ ഡോക്ടറോട് ദേഷ്യപ്പെട്ട് മന്ത്രി; പിന്നാലെ സസ്പെൻഷനും

Published : Jun 08, 2025, 08:52 AM IST
minister doctor

Synopsis

ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഒരു മുതിർന്ന ഡോക്ടറോട് ദേഷ്യപ്പെടുകയും സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (GMCH) ആണ് സംഭവം നടന്നത്.

മഡ്ഗാവ്: ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഒരു മുതിർന്ന ഡോക്ടറോട് ദേഷ്യപ്പെടുകയും സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് (GMCH) സംഭവം. ശനിയാഴ്ച ബാംബോലിമിലുള്ള ജിഎംസിഎച്ചിൽ മന്ത്രി മിന്നൽ സന്ദർശനനം നടത്തുകയായിരുന്നു. ഒരു ഡോക്ടർ രോഗിയെ ചികിത്സിക്കാൻ വിസമ്മതിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന ഒരു പരാതി ഫോണിൽ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ എത്തിയത്.

മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പാട്ടിലിനൊപ്പം കാഷ്വാലിറ്റി വാർഡിലേക്ക് എത്തിയ വിശ്വജിത് റാണെ ഡോക്ടറോട് കയര്‍ത്തു. 'നിങ്ങൾ നിങ്ങളുടെ നാവ് നിയന്ത്രിക്കാൻ പഠിക്കൂ, നിങ്ങൾ ഒരു ഡോക്ടറാണ്' മന്ത്രി പറയുന്നത് വീഡിയോയിൽ കാണാം. സാധാരണയായി താൻ ദേഷ്യപ്പെടാറില്ല, പക്ഷേ നിങ്ങൾ മാന്യമായി പെരുമാറണം. എത്ര തിരക്കുണ്ടെങ്കിലും രോഗികളോട് മാന്യമായി പെരുമാറണം എന്നും മന്ത്രി പറയുന്നുണ്ട്.

'അദ്ദേഹത്തിന് പകരം മറ്റൊരു സിഎംഒയെ വെക്കൂ, ഞാൻ അദ്ദേഹത്തിന്‍റെ സസ്പെൻഷൻ ഫയലിൽ ഒപ്പിടും. അദ്ദേഹത്തെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് എനിക്കുണ്ട്. ഞാൻ സാധാരണയായി മോശമായി പെരുമാറാറില്ല, പക്ഷേ ഇത് എനിക്ക് സഹിക്കാൻ കഴിയില്ല' എന്ന് ഡോ. രാജേഷ് പാട്ടിലിനോടായും മന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ സേവിക്കാനാണ് താൻ അവിടെയുള്ളതെന്ന് വിശ്വജിത്ത് റാണെ ഡോക്ടറെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ഗോവയിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ സ്ഥാപനമാണ് ജിഎംസിഎച്ച്. ഇത് സംസ്ഥാനത്തെയും മഹാരാഷ്ട്രയിലെയും കർണാടകയിലെയും ചില ഭാഗങ്ങളിലെ രോഗികൾക്ക് ചികിത്സ നൽകുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെ പ്രതിപക്ഷം വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഈ പ്രവൃത്തിയെ അഹങ്കാരത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും ലജ്ജാകരമായ പ്രകടനം എന്നാണ് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിശേഷിപ്പിച്ചത്.

വിശ്വജിത്ത് റാണെ ആരോഗ്യ മന്ത്രിയായി തുടരാൻ യോഗ്യനാണോ എന്ന് ജിപിസിസി പ്രസിഡന്‍റ് അമിത് പാട്കർ ചോദ്യം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആൻഡ് ഹ്യൂമൻ ബിഹേവിയറിൽ (IPHB) ഒരു പൂർണ്ണ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ ഒരു ക്യാബിനറ്റ് മന്ത്രിക്ക് ചേർന്നതല്ല. അവ ആഴത്തിലുള്ള മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങളാണ്. അത് അവഗണിക്കരുത്. ഗോവയിലെ മെഡിക്കൽ സമൂഹത്തിന്‍റെ ആരോഗ്യവും മനോവീര്യവും ഇത്തരം നേതൃത്വത്തിന് കീഴിൽ അപകടത്തിലാണ് എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം