ഇന്ത്യാ-ചൈന ധാരണ തുടർച്ചയായ ചർച്ചകൾക്ക് ശേഷം; തുടർ ചർച്ചയെക്കുറിച്ചും സൂചന നല്‌‍‍കി വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Feb 12, 2021, 6:29 PM IST
Highlights

പാങ്കോംഗ് തടാകതീരത്തു നിന്നുള്ള പിൻമാറ്റം പൂർത്തിയായാൽ ഉടൻ പത്താം റൗണ്ട് കമാൻഡർതല ചർച്ച നടക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

ദില്ലി: അതിർത്തി തർക്കം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിൽ എത്തിയത് തുടർച്ചയായ ചർച്ചകൾക്കു ശേഷമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാങ്കോംഗ് തടാകതീരത്തു നിന്നുള്ള പിൻമാറ്റം പൂർത്തിയായാൽ ഉടൻ പത്താം റൗണ്ട് കമാൻഡർതല ചർച്ച നടക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

നേരത്തെ ചൈനയുമായുള്ള സേനാ പിന്മാറ്റ ധാരണയിൽ മറുപടിയുമായി കേന്ദ്രസർക്കാർ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫിം​ഗർ നാല് വരെയാണ് ഇന്ത്യൻ അതിർത്തി എന്നത് തെറ്റാണ്. യഥാർത്ഥ നിയന്ത്രണ രേഖ ഫിം​​ഗർ എട്ടിലാണ്. അതുകൊണ്ടാണ് ഫിം​ഗർ എട്ട് വരെ സേന പട്രോളിം​ഗ് നടത്തിയതെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണയെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി എത്തിയത്.

ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഫിംഗ‍ർ നാല് നമ്മുടെ പ്രദേശമാണ്. ഇപ്പോൾ നമ്മൾ ഫിംഗർ മൂന്നിലേക്ക് മാറുകയാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി ചൈനയെ നേരിടാൻ കഴിയാത്ത വലിയ ഭീരുവാണ്. ഇതാണ് സത്യമെന്നും രാഹുൽ പറഞ്ഞു. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം. 

click me!