
ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടലില്‍ തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്ത് തുടര്‍നടപടികള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക. അതേസമയം സംഭവത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലുങ്കാനയില്‍ ഇപ്പോള്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും നിലപാട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിനെതിരെ ലോക്സഭയില്‍ സ്‍മൃതി ഇറാനി പൊട്ടിത്തെറിച്ചു. ബംഗാളിൽ രാഷ്ട്രീയ വിരോധം തീർക്കുന്നത് സ്‍ത്രീകളെ ആക്രമിച്ചാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 30 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലിൽ പൊലീസ് കൊല്ലപ്പെടുത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഹൈദരാബാദിൽ മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് പാർലമെന്‍റില്‍ അടക്കം നടന്നത്.
പ്രതികളെ ജനകൂട്ടത്തിന്‍റെ നടുവിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജയബച്ചന് പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ വെടിവച്ച് കൊന്നതോടെ കരുതലോടെയാണ് പല നേതാക്കളും പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് നടപടിയെ അനൂകൂലിച്ച് ബിഎസ്‍പി അധ്യക്ഷ മായാവതി ബിജെപി നേതാവ് ശിവരാജ് സിങ്ങ് ചൗഹാൻ ,ആർജെഡി നേതാവ് റായിബ്ര ദേവി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ നീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തിന് ചേർന്ന നടപടിയല്ല ഉണ്ടായതെന്ന് മേനകഗാന്ധി, ശശിതരൂർ, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ്മ അരവിന്ദ് കെജ്രിവാൾ എന്നിവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam