
ബെംഗളൂരു: കർണാടകയിൽ ബെംഗളൂരു പീനിയയിൽ അമ്മയ്ക്ക് തന്‍റെ ഭർത്താവുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇത് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെയാണ് ബെംഗളൂരു പീനിയയിൽ പതിനാറുകാരൻ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത്. മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് യമുനയുടെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പതിനാറുകാരന്‍റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സുധീപും എത്തിയത്. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുവരും ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർത്ഥി ഇരുവരെയും കുത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ പത്തിലേറെ തവണ കുത്തേറ്റതായി സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരൻ പൊലീസാവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാർത്ഥി കത്തിയുമായി പുറത്തെത്തിയത്.
ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ മകൾ ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഛായയെയും പതിനാറുകാരൻ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. നേരത്തെ എതിർവശത്തെ വീടുകളിലാണ് ഛായയും യമുനയും താമസിച്ചിരുന്നത്. ഇവിടെ വച്ച് ഛായയും യുമനയുടെ ഭർത്താവ് മല്ലിഗൗഡയും തമ്മിൽ അടുപ്പത്തിലായെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറിയെങ്കിലും ഇരുവരും അടുപ്പം തുടർന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.
വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam