ഛത്തീസ്‌ഗഡിലെ പള്ളി ആക്രമണം: ഇടപെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി

Published : Jan 04, 2023, 11:50 AM IST
ഛത്തീസ്‌ഗഡിലെ പള്ളി ആക്രമണം: ഇടപെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി

Synopsis

നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ, സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്

ദില്ലി: ഛത്തീസ്ഗഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യനാണ് വിഷയത്തിൽ ഇടപെട്ടത്. നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതപരിവർത്തനം ആരോപിച്ചാണ് സംഘം പള്ളി തകർത്തത്. തടയാൻ ശ്രമിച്ച നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് സംഘത്തിന്റെ ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തിൽ ബിജെപി പ്രവർത്തകരായ ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി സംഘത്തിന് നാരായൺപുർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ആദിവാസികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് തിങ്കളാഴ്ച നാരായൺപുരിൽ ബന്ദ് നടത്തിയിരുന്നു.

നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ, സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ക്രിസ്ത്യൻ സംഘടനകളിൽ നിന്ന് ഉയരുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ആക്രമണം നടക്കുമ്പോൾ ശക്തമായി എതിർത്തിരുന്ന കോൺഗ്രസിന് അവർ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ശക്തമാകുകയാണ്.

ക്രിസ്മസിന് പിന്നാലെ ഡിസംബറിൽ കർണാടകയിലെ മൈസൂരുവിലും ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെട്ടിരുന്നു. പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ന്നിരുന്നു. പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിക്ക് നേരെയായിരുന്നു ആക്രമണം. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു.
 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ