2021ല്‍ തമിഴ്നാടിനെ കാത്തിരിക്കുന്നത് മഹാത്ഭുതമെന്ന് രജനീകാന്ത്; മറുപടിയുമായി മുഖ്യമന്ത്രി

By Web TeamFirst Published Nov 21, 2019, 5:49 PM IST
Highlights

കമല്‍ ഹാസന്‍റെ മക്കള്‍ നീതി മന്‍ട്രം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. 

ചെന്നൈ: 2021ല്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. മന്ത്രി ഡി ജയകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. 2021ല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് തമിഴ്നാട്ടിലെ ജനതക്ക് ഞാന്‍ 100 ശതമാനം ഉറപ്പു നല്‍കുകയാണ്. കമല്‍ ഹാസന്‍റെ മക്കള്‍ നീതി മന്‍ട്രം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

അടുത്ത വര്‍ഷം രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആദ്യം ഞാന്‍ എന്‍റെ പാര്‍ട്ടി രൂപീകരിക്കട്ടെ. അതിന് ശേഷം പ്രവര്‍ത്തകരുമായി ആലോചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. എല്ലാം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമേ ഉണ്ടാകൂ. അതിന് മുമ്പ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ അവാര്‍ഡ് തമിഴ്നാട് ജനതക്ക് സമര്‍പ്പിക്കുന്നതായും രജനീകാന്ത് പറഞ്ഞു. 

രജനീകാന്തിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തെത്തി. 2021ല്‍ അണ്ണാ ഡിഎംകെ അധികാരത്തില്‍ തുടരുന്നതായിരിക്കും താരം സൂചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പോലും രൂപീകരിക്കാതെ എന്താണ് ഇങ്ങനെ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

click me!