ദമ്പതികളെ രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് ധരിച്ചിരുന്നത് ഭാര്യയുടെ ചുരിദാർ

Published : Sep 16, 2026, 03:58 AM IST
Bijnor Couple

Synopsis

ഉത്തർപ്രദേശിലെ ബിജ്നോറിൽ കാണാതായ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ മൃതദേഹം ഗംഗാ നദിക്കരയിലും ഭർത്താവിനെ കാട്ടിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ലഖ്നൌ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്‍റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു.

കനത്ത മഴയും മോശം കാഴ്ചപരിധിയും കാരണം തിങ്കളാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. തുടർന്ന് ഗംഗാ നദിക്കരയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം സുഷമയുടേതാണെന്ന് സ്ഥിരീകരിച്ചു. സമീപത്തെ കാട്ടിൽ നടത്തിയ തെരച്ചിലിൽ ആണ് ഭർത്താവ് ഛോട്ടൂവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കാണപ്പെട്ടത്.

ദമ്പതികൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം സ്ഥലത്തെത്തി രണ്ട് കേന്ദ്രങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുനിരാജ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയും തുടരന്വേഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ദമ്പതികളെ കാണാതായ സമയം മുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതു വരെയുള്ള സംഭവ വികാസങ്ങൾ പൊലീസ് പുനഃസൃഷ്ടിച്ചുവരികയാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇവർ അവസാനമായി എവിടെയാണ് ഒന്നിച്ചുണ്ടായിരുന്നതെന്നും നദിക്കരയിലേക്കും കാട്ടിലേക്കും എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതനിരക്ക്; ബെം​ഗളൂരുവിലേക്കുള്ള സ്വകാര്യബസുകളിൽ ഹൊസൂരിൽ മിന്നൽ പരിശോധന, 25 ലക്ഷം രൂപ പിഴ ചുമത്തി
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ കളത്തിലിറക്കി ഇടത് പാർട്ടികൾ, ധാരാപുരത്ത് സിപിഐക്ക് വേണ്ടി ലക്ഷ്മൺ, മധുരാന്തകത്ത് സിപിഎമ്മിനായി സുഗന്ധി