ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങുന്നതായി ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും വിദേശ സന്ദർശനങ്ങളെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് തുടരുകയാണ്. രാഹുലിന്റെ യാത്രകളിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം.

ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോവുന്നെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 നും 19 നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിടുന്നതായും ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധി ആഘോഷമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കഴിഞ്ഞ മാസം തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായിരുന്നു.

ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ വിദേശ ബന്ധവും വിദേശ സന്ദർശനവും അടക്കം കോൺഗ്രസിനും ബിജെപിക്കുമിടയിൽ ആരോപണ പ്രത്യാരോപണത്തിന് ഇടയാക്കിക്കൊണ്ട് ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങൾ ചൂണ്ടിക്കാട്ടി മോദിക്ക് വിദേശശക്തികളുടെ പിന്തുണയെന്ന ആരോപണവുമായി രാഹുൽ ഗാന്ധിയാണ് ഈ തർക്കത്തിന് തിരികൊളുത്തിയത്. ഇതിനുപിന്നാലെ രാഹുൽഗാന്ധിയുടെ വിദേശസന്ദർശനങ്ങളിൽ ദുരൂഹത ആരോപിച്ച് ബിജെപി രംഗത്ത് വന്നു. ഏറ്റവുമൊടുവിൽ പ്രദീപ് ഭണ്ഡാരി (ബിജെപി വക്താവ്)യാണ് രാഹുൽ ഗാന്ധിക്ക് എതിരെ രംഗത്ത് വന്നത്.

Scroll to load tweet…

രാഹുൽ ഗാന്ധിക്ക് രാജ്യത്ത് നിൽക്കാൻ സമയമില്ല. വോട്ട് ചോരിയല്ല മറിച്ച് സ്വന്തം ദൗർബല്യങ്ങളാണ് രാഹുൽ ഗാന്ധിക്ക് പ്രധാനമെന്നും അദ്ദേഹം ആരോപണത്തിൽ കൂട്ടിച്ചേർത്തിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്ര സുതാര്യമെന്നും രാഹുൽ ഗാന്ധിയുടേത് ദുരൂഹമെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.