
ദില്ലി: മിഷൻ ശക്തി പ്രധാനമന്ത്രിയുടെ നേട്ടമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ ശാസ്ത്രജ്ഞരുടെ നേട്ടമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ലോകനാടകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയെ രാഹുൽ പരിഹസിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
11.45 നും 12 നും ഇടയ്ക്ക് സുപ്രധാന സന്ദേശവുമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നതോടെ രാജ്യമാകെ ആകാംഷയിലായി. ഇന്ത്യാ പാക് സംഘര്‍ഷം നിലനില്‍ക്കുന്നതിനെടെയുള്ള അസാധാരണ അഭിസംബോധനയെക്കുറിച്ച് പല വിധ അഭ്യൂഹങ്ങള്‍ വന്നു. പറഞ്ഞ സമയവും കടന്നതോടെ സമൂഹ മാധ്യമങ്ങളിൽ പല വിധ ഊഹങ്ങള്‍ പ്രചരിച്ചു.
ഇതിന് വിരാമമിട്ട് ഇന്ത്യയുടെ ബഹിരാകാശ നേട്ടം പ്രധാനമന്ത്രി അവതരിപ്പിച്ചു. പിന്നാലെ രാഷ്ട്രീയ ഏറ്റുമുട്ടലും തുടങ്ങി. നേരത്തെ ഡിആര്‍ഡിഒ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണത്തിന് തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും ഇപ്പോഴാണ് പൂര്‍ണ പിന്തുണ കിട്ടിയതെന്ന് പറഞ്ഞ ബിജെപി കോണ്‍ഗ്രസിനെ കുത്തി. നാളയെ കുറിച്ച് ചിന്തിക്കുന്ന പ്രധാനമന്ത്രിയുള്ളതു കൊണ്ടാണ് ഇന്ത്യയ്ക്ക് ബഹിരകാശ നേട്ടം കൈവരിക്കാനായതെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
അതേ സമയം ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഹുൽ ഗാന്ധി ലോക നാടക ദിനാംശസ നേര്‍ന്ന് മോദിയെ പരിഹസിച്ചു . നെഹ്റുവിന്‍റെ കാലത്ത് തുടങ്ങി ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടര്‍ന്ന ഗവേഷണത്തിന്‍റെ ഫലമാണ് ബഹിരാകാശ നേട്ടമെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ബിജെപിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു . തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന തൃണമൂൽ, സിപിഎം വിമര്‍ശനത്തെ ദേശ സുരക്ഷ സംബന്ധിച്ച പദ്ധതി തുടര്‍ പ്രക്രിയയെന്ന് വാദിച്ചാണ് ബിജെപി നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam