'ത്യാ​ഗങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല'; 'മിസ' വിവാദത്തിൽ വികാരാധീനനായി സ്റ്റാലിൻ; വിജയ്‍യുടെ യുകെ സന്ദർശനത്തിൽ രൂക്ഷവിമർശനം

Published : Sep 20, 2026, 02:38 AM IST
mk stalin

Synopsis

ടിവികെ സർക്കാരിന്റെ ഭരണം തമിഴ്നാടിനെ 25 വർഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ചെന്നൈ: മിസ നിയമപ്രകാരം തന്നെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങളിൽ വികാരധീനനായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡിഎംകെ ആസ്ഥാനത്ത് സംഘടിപ്പിച്ച 'മുപ്പെറും വിഴ' പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെയാണ് സ്റ്റാലിൻ വിജയ്ക്ക് മറുപടി നൽകിയത്. മിസയിലെ അറസ്റ്റ് തനിക്ക് ഒരിടത്തും തെളിയിക്കേണ്ടതില്ല. തന്റെ ത്യാ​ഗങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതാകുമ്പോൾ വിജയ് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് ഇത്തരം പരാമർശങ്ങളെന്നും സ്റ്റാലിൻ പറഞ്ഞു.

ടിവികെ സർക്കാരിന്റെ ഭരണം തമിഴ്നാടിനെ 25 വർഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് കുറ്റവാളികളുടെ താവളമായി മാറുകയാണ്. വൈദ്യുതമുടക്കത്തിനും അരിവാൾ ആക്രമണങ്ങൾക്കും ഇടയിൽ ഉഴലുന്ന സർക്കാരായി വിജയ് സർക്കാർ മാറിയെന്നും സ്റ്റാലിൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിനെതിരേയും സ്റ്റാലിൻ രൂക്ഷവിമർശനമുന്നയിച്ചു. പണ്ട് ലോക്കൽ ഷൂട്ടിങ്ങായിരുന്നു, എന്നാൽ ഇപ്പോൾ ഫോറിൻ ഷൂട്ടിങ്ങായി. എന്തിനാണ് വിജയ് ലണ്ടനിൽ പോയത്? ഇന്ത്യൻ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ ലണ്ടൻ വരെ പോകണോ? അഭിനയം നിർത്തിയെന്നാണ് വിജയ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം റീൽസിനായി അഭിനയിക്കുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു.

സെപ്റ്റംബർ ആദ്യവാരം നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിനെ പരിഹസിക്കുന്നരീതിയിൽ വിജയ് പരാമർശം നടത്തിയത്. മിസ നിയമം കണ്ടവരാണ് തങ്ങളെന്നാണ് നമ്മുടെ സുഹൃത്തുക്കൾ എപ്പോഴും പറയുന്നതെന്നും എന്നാൽ എല്ലാവർക്കും മിസയുടെ ചരിത്രം അറിയാമെന്നുമായിരുന്നു വിജയ് പറഞ്ഞത്. ഈ സമയം സ്റ്റാലിന്റെ പരി​ഹസിക്കുന്ന രീതിയിൽ വലതുകൈ താടിയെല്ലിനോട് ചേർത്തുപിടിക്കുകയുംചെയ്തിരുന്നു. മിസ നിയമപ്രകാരം തടവ് അനുഭവിക്കുന്നതിനിടെ ക്രൂരമർദനമേറ്റ് തന്റെ താടിയെല്ല് ഒടിഞ്ഞതായി സ്റ്റാലിൻ പലതവണ പറ‍ഞ്ഞിട്ടുണ്ട്. ഇതിനെ പരിഹസിക്കാനായാണ് വിജയ് ഇത്തരത്തിൽ ആം​ഗ്യം കാണിച്ചതെന്നായിരുന്നു ആക്ഷേപം. അതേസമയം, ഇത് വിവാദമായതിന് പിന്നാലെ വിജയ്നെ പിന്തുണച്ച് ടിവികെ മന്ത്രി നിർമൽകുമാർ അടക്കമുള്ളവർ രം​ഗത്തെത്തി. മിസ നിയമപ്രകാരം സ്റ്റാലിനെ തടവിലാക്കിയതിന് തെളിവായി ഔദ്യോ​ഗിക രേഖകളില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു
വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; നോട്ടീസ് ലഭിച്ചവരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി കെജ്‍രിവാളും, ദില്ലിയിൽ മൂന്നിലൊന്ന് പേർക്കും നോട്ടീസ്