ദില്ലിയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉൾപ്പെടെ 33.1 ലക്ഷം പേർക്ക് നോട്ടീസ് നൽകി. ഒക്ടോബർ 29-നകം പരിശോധന പൂർത്തിയാക്കി നവംബർ 4-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ദില്ലി: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉൾപ്പെടെ നോട്ടീസ്. കരട് വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 33.1 ലക്ഷം വോട്ടർമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവിലെയും പഴയതുമായ വോട്ടർ പട്ടികയിലെ പേരുകളിലെ വ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടർ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകൾ അടക്കം 11 തരം പൊരുത്തക്കേടുകളാണ് ദില്ലിയിൽ കണ്ടെത്തിയിട്ടുള്ളത്. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ പുറത്തുവിട്ടു. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇതിനായി നടത്തുന്ന ഹിയറിംഗുകളിൽ പങ്കെടുത്ത് രേഖകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കാവുന്നതാണ്. നിലവിലെയും പഴയതുമായ വോട്ടർ പട്ടികകളിലെ പേരുകളിലെ വ്യത്യാസം, വോട്ടറും മുത്തശ്ശനും/മുത്തശ്ശിയും തമ്മിൽ 40 വയസ്സിൽ താഴെയുള്ള പ്രായവ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടർ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഷാലിമാർ ബാഗ് നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 123-ൽ ഉൾപ്പെട്ട രേഖ ഗുപ്തയുടെ പേര് ഈ പട്ടികയിലുണ്ട്. രക്ഷിതാവും മക്കളും തമ്മിൽ 15 വയസ്സിൽ താഴെയുള്ള പ്രായവ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയർ കണ്ടെത്തിയ പൊരുത്തക്കേട്. കെജ്‍രിവാളിനും കെജ്‍രിവാളിന്‍റെ കുടുംബാംഗങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന്റെ പേരും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്‍രിവാൾ, ഗീതാ ദേവി, ഭാര്യ സുനിത കെജ്‍രിവാൾ, മകൻ പുൽകിത് കെജ്‍രിവാൾ എന്നിവരുടെ പേരുകളും 'നോ മാപ്പിങ്' എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വോട്ടറുടെയോ ബന്ധുക്കളുടെയോ വിവരങ്ങൾ നൽകിയിട്ടില്ലാത്തതോ അല്ലെങ്കിൽ മുൻ എസ്‌ഐആർ പട്ടികയുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തതോ ആയ വോട്ടർമാരാണ് ഈ വിഭാഗത്തിൽ വരുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്.
പ്രമുഖ നേതാക്കളോ പ്രശസ്തരായ വ്യക്തിത്വങ്ങളോ ഹിയറിംഗ് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്ന് മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പട്ടിക തയ്യാറാക്കി, വിവരങ്ങൾ നേരിട്ട് വന്ന് പരിശോധിച്ച് പരിഹരിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാരെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആകെ 97.5 ലക്ഷം വോട്ടർമാരിൽ മൂന്നിലൊന്ന് (ഏകദേശം 33.1 ലക്ഷം) ആളുകൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതിൽ പരിശോധനയും തീർപ്പുകൽപ്പിക്കലും ഒക്ടോബർ 29-നകം പൂർത്തിയാകും. അന്തിമ വോട്ടർ പട്ടിക നവംബർ 4-ന് പ്രസിദ്ധീകരിക്കും.
