
അഗർത്തല: ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ദില്ലിയിൽ ചേരുന്നു. ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്ത് എത്തി. ത്രിപുരയിൽ ഭരണം നിലനിർത്തുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാനത്ത് ഇടത് പാർട്ടികളും കോൺഗ്രസും ഒന്നിച്ച് മത്സരിക്കുന്നതിനാൽ ഇക്കുറി ശക്തമായ പോരാട്ടമാകും നടക്കുകയെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ച് രംഗത്തിറങ്ങാനാണ് ബി ജെ പി നീക്കം. ത്രിപുരയിലെ സ്ഥാനാർഥികൾക്കൊപ്പം നാഗാലാൻഡിലെ സ്ഥാനാർഥി നിർണയവും ഇന്ന് പൂർത്തിയായേക്കുമെന്നാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്.
അതേസമയം ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ച ഇടതുപാർട്ടികളും കോൺഗ്രസും കഴിഞ്ഞ ദിവസം സീറ്റ് ധാരണയിലെത്തിയിരുന്നു. സംസ്ഥാനത്ത് സി പി എം ഒരു സ്വതന്ത്ര സ്ഥാനാർഥിയടക്കം 44 സീറ്റിലാകും മത്സരിക്കുക. കോൺഗ്രസ് 13 സീറ്റിൽ മത്സരിക്കുമെന്നും ധാരണയായിരുന്നു. ആകെ 60 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് മത്സരം നടക്കുക. അവശേഷിക്കുന്ന 3 സീറ്റുകളിൽ ഒന്ന് വീതം സി പി ഐ, ഫോർവേഡ് ബ്ലോക്, ആർ എസ് പി പാർട്ടികൾ മത്സരിക്കും. ദീർഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സി പി എമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സി പി എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam