Asianet News MalayalamAsianet News Malayalam

രാഹുലിൻ്റെ സുരക്ഷ പാളിയതെങ്ങനെ? അടിതെറ്റി അദാനി, ഗവർണർ പ്രശംസ, ചിന്ത പ്രബന്ധം, കേരളത്തിന് തിരിച്ചടി: 10 വാർത്ത

സുരക്ഷാ പ്രശ്‍നത്തെ തുടര്‍ന്ന് കശ്‍മീരില്‍ തുടരുന്ന ഭാരത് ജോഡോ യാത്ര ഇന്നത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്

Today 27-01-2023 Top Malayalam News Headlines and Latest Malayalam News 
Author
First Published Jan 27, 2023, 7:08 PM IST

1 മതിയായ സുരക്ഷയില്ല; കശ്മീരിൽ ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി

സുരക്ഷാ പ്രശ്‍നത്തെ തുടര്‍ന്ന് കശ്‍മീരില്‍ തുടരുന്ന ഭാരത് ജോഡോ യാത്ര ഇന്നത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവില്‍ അര മണിക്കൂറോളം നേരം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല. ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ട രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നില്‍ക്കേണ്ടി വന്നു. രാഹുലിന്‍റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു. കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

2 'സിആര്‍പിഎഫിനെ പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെ, യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു': രാഹുല്‍ ഗാന്ധി

സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നതിന് പിന്നാലെ വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

3 ഇന്നും വമ്പൻ തിരിച്ചടി, ഓഹരികൾ കൂപ്പുകുത്തി, ഫോർബ്സിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു, ഇന്ത്യൻ വിപണിക്കും നഷ്ടം

അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടർന്നു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. വമ്പൻ തിരിച്ചടിയാണ്  ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി വിപണിയിൽ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു ഇന്നും കണ്ടത്. അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഇതിനെ തുടർന്ന് ലോകത്തെ ധനികരുടെ പട്ടികയിലും അദാനിക്ക് വൻ തിരിച്ചടി തുടരുകയാണ്. ഫോർബ്സിന്റെ ധനികരുടെ പട്ടികയിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു. പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ നാലാം സ്ഥാനത്തേക്ക് വീണിരുന്നു. അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 പോയിന്‍റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 282 പോയിന്‍റ് ഇടിവാണ് രേഖപ്പെടുത്തിയത്.

4 'നിരന്തരം വിമര്‍ശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല'; പിണറായി സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രശംസ

സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്നലെ റിപ്പബ്ലിക്ക് ദിനത്തിലും പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

5 അർബൻ നിധി നിക്ഷേപ തട്ടിപ്പ് : മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ

അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിലായി. കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവിൽ പോയ ആന്റണിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.

6 മകളെ ശല്യം ചെയ്യുന്നുവെന്ന് പരാതി, പൊലീസ് ചോദ്യംചെയ്തു; പിന്നാലെ യുവാവ് ജീവനൊടുക്കി, മൃതദേഹവുമായി പ്രതിഷേധം

മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ച് വരുത്തിയ യുവാവ്  ജീവനൊടുക്കിയതാണ് ഇന്നത്തെ മറ്റൊരു വാർത്ത. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതിന് ശേഷം രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ വിവരമൊന്നും അശ്വന്തിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് അശ്വന്തിന്‍റെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മൃതദേഹവുമായി ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.

7 'വാഴക്കുല ബൈ വൈലോപ്പിള്ളി';ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്, രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്‍റെ  പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത്  സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെയാണ് ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയിരിക്കുന്നത്.

8 തൃശ്ശൂ‍ർ ന​ഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി, കൊല്ലത്ത് എട്ട് പേർക്ക് ഭക്ഷ്യവിഷബാധ

സംസ്ഥാനത്ത് ഇന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയിൽ പലയിടത്ത് നിന്നും പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ നഗരത്തിൽ ഏഴു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ  ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. അതിനിടെ കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയവും ഉണ്ടായിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എട്ട് പേർ ചാത്തന്നൂരിലെ കുടുംബ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയതാണ് സംശയത്തിന് കാരണം.

9 ബാങ്ക് സമരം പിൻവലിച്ചു

തിങ്കളും ചൊവ്വയും ബാങ്ക് അവധിയായിരിക്കില്ലെന്നതാണ് മറ്റൊരു വാർത്ത. ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവയ്ക്കുകയായിരുന്നു.

10 രഞ്ജി ട്രോഫി: പുതുച്ചേരിയോട് ലീഡ് വഴങ്ങി; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതാണ് കായിക ലോകത്തെ വാർത്ത. നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിയോട് 85 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചത്. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പുതുച്ചേരി ഒന്നാം ഇന്നിംഗ്‌സില്‍ 371 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 286 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ടാം ഇന്നിംഗില്‍ പുതുച്ചേരി അഞ്ചിന് 279 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുയായിരുന്നു.

Follow Us:
Download App:
  • android
  • ios