ദില്ലി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്‍റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഭജൻ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അൽപസമയം ഇരിക്കുകയും ചെയ്തു.
''സ്നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഞങ്ങൾ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ സംഭാവനകൾക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ സത്യമാക്കാൻ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും'', എന്ന് രാജ്ഘട്ടിലെത്തും മുൻപ് മോദി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും, സ്പീക്കർ ഓം ബിർളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, വി മുരളീധരൻ എന്നിവരും പുഷ്പാർച്ചന നടത്താനെത്തി. ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി എന്നിവരുമെത്തി.
പാർലമെന്‍റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകൾ നടക്കും.രാവിലെ 9.30-ന് കോൺഗ്രസ് ദില്ലിയിൽ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും. രാജ്യത്തെ വെളിയിട വിസർജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.
മുൻപ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെയും ജന്മദിനമാണിന്ന്. അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസ്ഥലത്തും നേതാക്കളെല്ലാവരും എത്തി പുഷ്പാർച്ചന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam