
മുംബൈ: കുതിച്ചുയരുന്ന ഉള്ളിവില തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവാതിരിക്കാനുള്ള ശ്രമത്തില്‍ മഹാരാഷ്ട്ര ബിജെപി. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടും പൊള്ളുന്ന വിലയാണ് മഹാരാഷ്ട്രയിൽ. വില കുറയ്ക്കാനുള്ള നടപടികൾ കർഷകരെ എതിർപക്ഷത്താക്കുമോ എന്ന ഭയവും സർക്കാരിനുണ്ട്.
1998ൽ ദില്ലിയിലെ സുഷമ സ്വരാജ് സർക്കാരിനെ താഴെ ഇറക്കിയതിൽ പ്രധാന ഘടകം കൂടിയ ഉള്ളി വിലയ്ക്കെതിരായ ജനരോഷമായിരുന്നു. സമാന പ്രതിസന്ധിയിലൂടെ ഉത്തരേന്ത്യയിലെ സർക്കാരുകൾ പലതവണ കടന്ന് പോയി. ഉള്ളി കയറ്റുമതിയിലൂടെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
പക്ഷേ ഈ മുൻകാല ചരിത്രങ്ങൾ ഇപ്പോള്‍ ഫഡ്നാവിസ് സർക്കാരിനെ പേടിപ്പിക്കുന്നുണ്ടാവും. മറ്റെവിടെ ഉള്ളി വില ഉയർന്നാലും മഹാരാഷ്ട്രയെ അത് ബാധിക്കില്ലെന്നായിരുന്നു വയ്പ്. എന്നാൽ ഇപ്പോൾ കിലോയ്ക്ക് വില അറുപതും കടന്ന് കുതിക്കുകയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ച് വില നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയത്.
എന്നിട്ടും വില കാര്യമായി കുറഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. അതേസമയം ഉള്ളി വില കുറയ്ക്കാൻ ശ്രമിക്കുന്നതിനെതിരെ നാസിക്കിൽ കർഷകർ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വില ഇടിക്കാൻ സർക്കാർ ശ്രമിച്ചാൽ ഉള്ളി വിൽപ്പന നടത്തില്ലെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam