
ദില്ലി: എത്ര വലിയ വെല്ലുവിളികളേയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തികഞ്ഞ സംയമനത്തോടേയും അച്ചടക്കത്തോടേയുമാണ് സമീപകാലത്തുണ്ടായ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും ഇന്ത്യ നേരിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ രണ്ടാം വർഷം പൂർത്തിയാക്കുന്ന ദിവസം മൻകീബാത്തിലൂടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തിൻറെ കൂട്ടായ്മയും സർവ്വ ശക്തിയും ഉപയോഗിച്ചുള്ള പോരാട്ടമാണ് കൊവിഡിനെതിരെ നടക്കുന്നത്. മഹാമാരി അതിരൂക്ഷമായി തുടരുന്നതിനിടെ തന്നെ രണ്ട് ചുഴലിക്കാറ്റുകൾ ഉയർത്തിയ പ്രതിസന്ധിയും ഇന്ത്യയ്ക്ക് നേരിടാൻ സാധിച്ചുവെന്നും മോദി മൻകീബാത്തിൽ പറഞ്ഞു.
നേരത്തെ 900 ടൺ ല്വികിഡ് മെഡിക്കൽ ഓക്സിജനാണ് രാജ്യത്ത് ഉത്പാദിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ അത് 9500 ടണായി ഉയർന്നു. പത്തിരട്ടി വർധനയാണ് ഇപ്പോൾ ഉള്ളത്. അധികാരത്തിൽ എത്തിയ ശേഷമുള്ള കഴിഞ്ഞ ഏഴ് വർഷവും തികഞ്ഞ പ്രതിബദ്ധതയോടെയാണ് സർക്കാർ പ്രവർത്തിച്ചത്. രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. കോടിക്കണക്കിന് കുടുംബങ്ങളുടെ ആശീർവാദം കേന്ദ്രസർക്കാരിനുണ്ട്. രാജ്യം ടീം ഇന്ത്യ എന്ന നിലയിലാണ് പ്രവർത്തിച്ചത്. വൈറസിനെതിരായ യുദ്ധം നാം ജയിക്കുക തന്നെ ചെയ്യും - മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam