പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ച് മോ​ദിക്ക് ലഭിച്ചത് 42000 പോസ്റ്റ് കാർഡുകൾ

By Web TeamFirst Published Jan 18, 2020, 4:02 PM IST
Highlights

'ഇന്ന് 42000 പോസ്റ്റുകൾ അയച്ചു. ഇനിയും ഇരുപതിനായിരത്തോളം ആളുകൾ പോസ്റ്റ് കാർ‍ഡുകൾ പിന്നീട് അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.' രജ്ഞൻ ഭട്ട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
 

ദില്ലി: പൗരത്വനിയമ ഭേദ​ഗതിയ്ക്കും നരേന്ദ്ര മോദിക്കും പിന്തുണ അറിയിച്ച്  42000 പോസ്റ്റ് കാർഡുകൾ  പ്രധാനമന്ത്രിക്ക് അയച്ചതായി വഡോദരയിലെ ബിജെപി പ്രവര്‍ത്തകരുടെ അവകാശവാദം.  വഡോദരയിലെ ജനങ്ങളില്‍ നിന്നാണ് ഇവ ശേഖരിച്ചത്. പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന് മുമ്പ് പ്രാദേശിക പോസ്റ്റ് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ റാലിയും സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള നീക്കമാണിതെന്ന് റാലിക്ക് നേതൃത്വം നൽകിയ ലോക്സഭാ എംപി രജ്ഞനാ ഭട്ട് വ്യക്തമാക്കി. 

''പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിക്കുന്ന‌തിനുള്ള പോസ്റ്റ് കാർഡുകൾ പൂരിപ്പിച്ചു നൽകാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മിക്കവരും പ്രധാനമന്ത്രിയോടുള്ള അവരുടെ സ്നേഹവും പിന്തുണയും അറിയിക്കുന്നതിനുള്ള അവസരമായിട്ടാണ് ഇത് കണ്ടത്. ഇന്ന് 42000 പോസ്റ്റുകൾ അയച്ചു. ഇനിയും ഇരുപതിനായിരത്തോളം ആളുകൾ പോസ്റ്റ് കാർ‍ഡുകൾ പിന്നീട് അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.'' രജ്ഞൻ ഭട്ട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വഡോദരയിലെ ജനങ്ങൾ മോദിക്കൊപ്പമാണെന്നും അവർ അദ്ദേഹത്തോടുള്ള പിന്തുണ അറിയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലെ മതപീഡനത്തെ ഭയന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച, ഹിന്ദു, ബുദ്ധ, സിഖ്, പാഴ്സി, ക്രിസ്ത്യൻ വിഭാ​ഗത്തിൽ പെട്ട അഭയാർത്ഥികൾക്കാണ് പൗരത്വ നിയമ ഭേദ​ഗതി അനുസരിച്ച് പൗരത്വം നൽകുന്നത്. 


 

click me!