നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

By Web TeamFirst Published Jan 18, 2020, 4:00 PM IST
Highlights

ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്. കൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് ഹര്‍ജിയിലെ വാദം. 
 

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്. കൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് ഹര്‍ജിയിലെ വാദം. 

2012ല്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ട് വിചാരണ നടക്കേണ്ടിയിരുന്നത് ജുവനൈല്‍ കോടതിയിലാണ്. എന്നാല്‍, സംഭവിച്ചത് അങ്ങനെയല്ല എന്നാണ് പവന്‍ ഗുപ്തയുടെ വാദം. . ഇതേ വാദം ഉന്നയിച്ചാണ് ഒരു വര്‍ഷം മുമ്പ് പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ആ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇന്നലെ പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനാണ് ഏറ്റവുമൊടുവിലത്തെ തീരുമാനം. രാവിലെ ആറു മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി ഇന്നലെ തള്ളിയിരുന്നു. 

Read Also: നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു

അതിനിടെ, നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് നിര്‍ഭയയുടെ അമ്മ ആശാദേവിയോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍, ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ ആരാണ് ഇന്ദിരാ ജയ്‍സിംഗ് എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം.

Read Also: നിര്‍ഭയ കേസ്: കുറ്റവാളികള്‍ക്ക് മാപ്പുനല്‍കൂ എന്ന് അഭിഭാഷക, അത് പറയാന്‍ നിങ്ങളാരെന്ന് നിര്‍ഭയയുടെ അമ്മ

കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും അതിനിടെയുണ്ടായി. വിഷയത്തില്‍ ദില്ലി മുഖ്യമ്ന്തരി അരവിന്ദ് കെജ്‍രിവാളിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ തൂക്കിലേറ്റുന്നതില്‍ കാലതാമസം നേരിടുന്നത് ആം ആദ്മി സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മ മൂലമാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. ഇതിനെതിരെ പ്രതികരണവുമായി കെജ്‍രിവാള്‍ രംഗത്തെത്തുകയും ചെയ്തു.  

Read Also: ദയവായി രാഷ്ട്രീയം കാണരുത്'; നിര്‍ഭയ വിഷയത്തില്‍ സ്മൃതി ഇറാനിയോട് പ്രതികരിച്ച് കെജ്രിവാൾ

click me!