ബാബ എന്ന പേരിൽ തന്നെ മുഹമ്മദ് ഷൊയ്ബിന്‍റെ കട ഇനിയും പ്രവർത്തിക്കും, സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ദീപക്; എല്ലാം ശാന്തമായെന്ന് പൊലീസ്

Published : Feb 04, 2026, 10:47 AM IST
baba deepak

Synopsis

'ബാബ' എന്ന പേരിലുള്ള വസ്ത്രക്കടയെച്ചൊല്ലി ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം നടത്തി. സംഘർഷത്തിനിടെ 'എന്‍റെ പേര് മുഹമ്മദ് ദീപക്' എന്ന് പ്രതികരിച്ച യുവാവിന്‍റെ ഇടപെടൽ നിർണായകമായി. അധികൃതരുടെ ചർച്ചകൾക്കൊടുവിൽ കടയ്ക്ക് അതേ പേരിൽ തുടരാൻ അനുമതി ലഭിച്ചു.

കോട്ദ്വാർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ബാബ' എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയാണ് വിവാദങ്ങൾക്ക് പരിഹാരം. പ്രദേശത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമായ സിദ്ധബലി ബാബയുമായി ഈ പേരിന് സാമ്യമുണ്ടെന്നും, ഒരു മുസ്ലീം വ്യാപാരി ഈ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. കടയുടെ പേര് മാറ്റണമെന്ന പ്രവർത്തകരുടെ ആവശ്യം സംഘർഷത്തിലേക്കും തെരുവുപ്രതിഷേധങ്ങളിലേക്കും നയിച്ചു.

ജനുവരി 28ന് പ്രതിഷേധക്കാർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ വഷളായി. ഈ സമയത്താണ് ജിം ഉടമയായ ദീപക് കുമാർ എന്ന യുവാവ് ഇടപെടുന്നത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്ത ദീപക്, തന്റെ പേര് എന്താണെന്ന് ചോദിച്ചവരോട് 'എന്‍റെ പേര് മുഹമ്മദ് ദീപക് എന്നാണ്' എന്ന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദീപക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഹിന്ദുവായ താൻ തന്‍റെ മതത്തിൽ അഭിമാനിക്കുന്നുണ്ടെന്നും എന്നാൽ അതിനുമുമ്പ് താനൊരു ഇന്ത്യക്കാരനാണെന്നും ദീപക് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ജനങ്ങൾ പരസ്പരം ശത്രുക്കളായി കണ്ടാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

സംഘർഷം കനത്തതോടെ ജനുവരി 31-ന് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ വലിയൊരു വിഭാഗം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. ദീപക്കിനെതിരെ നടപടി വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും ഉത്തർപ്രദേശുമായുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. ക്രമസമാധാനം തകർത്തതിനും വർഗീയ സംഘർഷത്തിന് ശ്രമിച്ചതിനും 40-ഓളം പേർക്കെതിരെയും, പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ദീപക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

'ബാബ' എന്ന പേര് തുടരും

ഒടുവിൽ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ തർക്കം പരിഹരിച്ചു. ഷൊയ്ബിന്‍റെ കട 'ബാബ' എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ എസ് പി ചന്ദ്രമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി. വിവാദങ്ങളെത്തുടർന്ന് തന്റെ ജിം അടച്ചിടേണ്ടി വന്നതായും കുടുംബത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പ്രതികരിച്ചു. നിലവിൽ കോട്ദ്വാറിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഉടൻ ഇന്ത്യ വിടണം', ടൂറിസ്റ്റ് വിസയിൽ വന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നോട്ടീസ്, അജ്‌മീറിൽ പലയിടത്തായി പലസ്‌തീൻ അനുകൂല പോസ്റ്റർ പതിച്ചതിൽ നടപടി
വെർച്വൽ മീറ്റിംഗ്, ഓഫീസിലെത്തണമെന്ന് ബോസിന്റെ മുന്നറിയിപ്പ്; ജെൻ സി ജീവനക്കാരന്റെ മറുപടി വൈറൽ, ചാറ്റ് പുറത്ത്