
മുസാഫർനഗർ: ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ വന്നതോടെ കോളേജ് വിദ്യാർത്ഥി സ്വയം തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബുധാനയിൽ ഉജ്ജ്വൽ റാണ എന്ന 22കാരനാണ് മരിച്ചത്. തീപൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവാവ് ദില്ലിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
ബുധാനയിലെ ഡിഎവി കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായിരുന്നു ഉജ്ജ്വൽ റാണ. 7000 രൂപ ഫീസടക്കാത്തതിനാൽ കോളേജ് മാനേജ്മെൻ്റ് ഉജ്ജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചപ്പോൾ കോളേജ് അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി ഉജ്ജ്വലിനെ കോളേജിൽ നിന്ന് പുറത്താക്കി.
പിന്നീടാണ് ഉജ്ജ്വൽ സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹത്തെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്കും ഇവിടെ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ദില്ലിയിലേക്കും കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ കോളേജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉജ്ജ്വലിൻ്റെ സഹോദരി സലോണി റാണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്എസ്പി കുമാർ പറഞ്ഞു.