കൌതുകം പകര്‍ന്ന് അഹമ്മദാബാദിലും നിഗൂഢ ലോഹത്തൂണ്‍

By Web TeamFirst Published Dec 31, 2020, 3:15 PM IST
Highlights

മൂന്നുവശങ്ങളില്‍ തിളങ്ങുന്ന ലോഹസമാനമായ വസ്തു പതിപ്പിച്ച നിലയിലാണ് ഈ തൂണും കണ്ടെത്തിയിട്ടുള്ളത്. ലോഹത്തൂണിന്‍റെ ഒരു വശത്ത് ചില സംഖ്യകള്‍ കൊത്തിവച്ചിട്ടുണ്ട്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലോഹത്തൂണുകള്‍ കണ്ടെത്തിയതിന് പിന്നാലെ അഹമ്മദാബാദിലും നിഗൂഢ ലോഹത്തൂണ്‍. അഹമ്മദാബാദിലെ തല്‍റ്റേജിലെ സിഫണി ഫോറസ്റ്റ് പാര്‍ക്കിലാണ് ലോഹത്തൂണ്‍ കണ്ടെത്തിയത്. നിരവധി പ്രാദേശിക വികസന പദ്ധതികളുടെ മധ്യത്തിലാണ് ഇത് കണ്ടെത്തിയത്. മൂന്നുവശങ്ങളില്‍ തിളങ്ങുന്ന ലോഹസമാനമായ വസ്തു പതിപ്പിച്ച നിലയിലാണ് ഈ തൂണും കണ്ടെത്തിയിട്ടുള്ളത്.

ലോഹത്തൂണിന്‍റെ ഒരു വശത്ത് ചില സംഖ്യകള്‍ കൊത്തിവച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായ നോട്ടത്തിലേ ഇത് കണ്ടെത്താനാവൂ. ഈ സംഖ്യകള്‍ക്ക് നിഗൂഢതൂണുകളുടെ രഹസ്യത്തിലേക്ക് വഴികാണിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ക്ക് സംരക്ഷിച്ചിരുന്ന സ്വാകാര്യ സ്ഥാപനമാണ് ഈ മോണോലിത്തിന് പിന്നിലെന്നാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍  ദിലീപ് ബായി പട്ടേല്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയത്.

എന്നാല്‍ ഈ ലോഹത്തൂണ്‍ നിര്‍മ്മിച്ച ശില്‍പി ആരാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നേരത്തെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ലോഹത്തൂണുകള്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. അമേരിക്കയിലെ യൂട്ടാ, റൊമാനിയയിലെ ബാഫ്ഫ്കാസ് ഡോംനെ എന്നിവിടങ്ങളില്‍ ലോഹത്തൂണുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രത്യക്ഷമായത് പോലെ തന്ന ഇവ അപ്രത്യക്ഷമായിരുന്നു. 

click me!