ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jun 21, 2020, 6:31 AM IST
Highlights

ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികര്‍ ചൈനക്ക് നഷ്ടമായി. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചു വെക്കുകയാണ്.
 

ദില്ലി: ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രിയും മുന് സൈനിക മേധാവിയുമായ വി കെ സിംഗ്. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി കെ സിങിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികര്‍ ചൈനക്ക് നഷ്ടമായി. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചു വെക്കുകയാണ്. 1962 ലെ യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍പ്പോലും അംഗീകരിക്കാത്തവരാണ് ചൈനയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഗല്‍വാനില്‍ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും വി കെ സിംഗ് വെളിപ്പെടുത്തി. ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍, ചൈന ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല. കമാന്‍ഡിംഗ് റാങ്കിലുള്ള സൈനികനടക്കം 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

click me!