
അഹമ്മദാബാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ 419 ചൈനീസ് ആപ്പുകൾ ഗുജറാത്ത് പൊലീസ് നിരോധിച്ചു. കഴിഞ്ഞ വർഷം 885 ആപ്പുകളാണ് ഗുജറാത്ത് പൊലീസ് കണ്ടെത്തിയത്. ഇതിൽ തട്ടിപ്പുനടത്തിയ 419 ആപ്പുകളാണ് മാർക്കറ്റിൽ നിരോധിച്ചത്. ആളുകളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് ചൈനീസ് ആപ്പുകൾ തട്ടിപ്പുകൾ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചായിരിക്കും സംഭാഷണം ആരംഭിക്കുക. തുടർന്ന് ലോണിനായി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആപ്പുകൾ കൂടുതൽ ചൈനീസ് നിർമ്മിതമാണെന്ന് പൊലീസ് പറയുന്നു. ഈ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ അവർക്ക് ലഭ്യമാവുന്നു.
കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ ലോണെടുത്ത് വഞ്ചിതരായ 932 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ചെെന, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പുകളാണിതെന്ന് പൊലീസിന് വിവരം ലഭിച്ചു. ആദ്യം ലോണെടുക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. അതിനൊപ്പം ഫോണിലെ കോൺടാക്റ്റ്സും ഫോട്ടോസും വീഡിയോസും അവർക്ക് ലഭിക്കുന്നു. പിന്നീട് മോർഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലോണുകളിലേക്ക് എത്തിക്കുന്നതാണ് ഇവരുടെ പതിവ് രീതി.
കോവിഡിന്റെ കാലത്താണ് ഇത്തരത്തിലുള്ള ആപ്പുകൾ വഴിയുള്ള തട്ടിപ്പുരീതികൾ വ്യാപകമായത്. 15,000 രൂപ ലോണെടുത്താൽ 15 മുതൽ 20 വരെ ശതമാനം പലിശ നൽകണം. പണം അടച്ചുതീരുമ്പോൾ ലോൺ മുപ്പതിനായിരം ആക്കി വർധിപ്പിക്കും. പരമാവധി പണം വെട്ടലാണ് അവരുടെ ലക്ഷ്യം. ഇതിനുശേഷമാണ് പിടിച്ചുപറി തുടങ്ങുന്നത്. മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ലോണെടുത്തയാളുടെ കോൺടാക്റ്റിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തും. തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ട് പണം തട്ടലാണ് രീതിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam