അമ്മ ലോട്ടറിക്കച്ചവടത്തിന് പോകുമ്പോൾ കുട്ടി ചായക്കടയിൽ ഇരിക്കും; ശ്രദ്ധിച്ചപ്പോൾ ശരീരത്തിൽ പരിക്ക്, അമ്മയ്ക്കും അമ്മുമ്മയ്ക്കും എതിരെ കേസ്

Published : Jul 11, 2025, 06:50 PM IST
Kerala Police

Synopsis

മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്ക്ക് സമീപമുള്ള ചായ കടയിൽ നില്‍ക്കുകയായിരുന്നു കുട്ടി

ചേര്‍ത്തല: അഞ്ച് വയസുകാരനെ അമ്മയും അമ്മുമ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. നഗരസഭ 15-ാം വാര്‍ഡിലാണ് സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരനാണ് ഉപദ്രവത്തില്‍ പരിക്കേറ്റത്.

മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്ക്ക് സമീപമുള്ള ചായ കടയിൽ നില്‍ക്കുകയായിരുന്നു കുട്ടി. ഇതുവഴി വന്ന പിടിഎ പ്രസിഡന്‍റ് ദിനൂപിന്‍റെ ശ്രദ്ധയിൽ കുട്ടി പെട്ടതോടെയാണ് സംഭവം പുറത്താവുന്നത്. മുഖത്തും, കഴുത്തിലെയും മുറിവ് അമ്മ സ്കെയിലിന് അടിച്ചതാണെന്നും, അമ്മുമ്മയും തന്നെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ദിനൂപിനോട് പറഞ്ഞു. കഴിഞ്ഞ മേയ് 24 ന് അമ്മയുടെ ആൺ സുഹൃത്ത് ഈ കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് റിമാന്റിലിരിക്കെ ഇയാളെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പിന്നീട് പിടിഎ ഭാരവാഹികളുടെ നിരീക്ഷണം കുട്ടിക്കുണ്ടായിരുന്നു.

കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറി വിൽപ്പനയ്ക്ക് പോകുന്നത്. വ്യാഴാഴ്ച വൈകിട്ട് കുട്ടി ചായക്കടയിൽ ഇരിക്കുന്നത് കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദിവസങ്ങളായി കുട്ടി ക്രൂര മർദ്ദനത്തിന് ഇരയായതെന്ന് കണ്ടെത്തിയത്. തുടർന്ന് ചേർത്തല പൊലീസിലും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സൂപ്പർ വൈസർ അലൻ വർഗ്ഗീസ് കുട്ടിയെ ഏറ്റെടുക്കുകയും, ചേർത്തല താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയതായി അലൻ വർഗീസ് പറഞ്ഞു. അലൻ വർഗ്ഗീസ് ചേർത്തല പൊലീസ്സ്റ്റേഷനിൽ എത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് കുട്ടിയെ ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം