'മകന്‍ മരിച്ചു, ഇനി മരുമകള്‍ തനിച്ചാവരുത്'; 20കാരിയുടെ പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്

By Web TeamFirst Published Sep 15, 2019, 1:02 PM IST
Highlights

''എനിക്കറിയാം എന്‍റെ മകന്‍ ഇനി തിരിച്ചുവരില്ലെന്ന്. 20 വയസ്സ് മാത്രം പ്രായമുള്ള മരുമകളുടെ കണ്ണീരുകണ്ട് നില്‍ക്കാനുമാകില്ല എനിക്ക്. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു, അവളെ വിവാഹം ചെയ്ത് നല്‍കണമെന്ന്''

ഭുവനേശ്വര്‍: ഭര്‍ത്താവ് മരിച്ച് വിധവയായ 20കാരിയ്ക്ക് പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്. ഒഡിഷയിലെ പ്രതിമ ബെഹ്റ എന്ന വൃദ്ധയാണ് മകന്‍ മരിച്ച ദുഃഖത്തിലും മരുമകളുടെ കണ്ണീരുതുടയ്ക്കാന്‍ ഇറങ്ങിയത്. ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ചായിരുന്നു പ്രതിമ ബെഹ്റ. 

സെപ്തംബര്‍ 11ന് ഗ്രാമത്തിലുള്ളവരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ടാല്‍ച്ചെറിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.  ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലില്ലിയിയെ പ്രതിമയുടെ ഇളയമകന്‍ രശ്മിരജ്ഞന്‍ വിവാഹം കഴിച്ചത്. ജൂലൈയില്‍ ഭാരത്പൂരിലെ കല്‍ക്കരി ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇയാള്‍ മരിച്ചിരുന്നു. 

ഭര്‍ത്താവിന്‍റെ മരണത്തോടെ ദുഃഖിതയായ ലില്ലി ആരോടും സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്ന് പ്രതിമ പറഞ്ഞു. പിന്നീട് പ്രതിമ മരുമകളോട് ഏറെ സംസാരിക്കുകയും അവളെ വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലില്ലിയ്ക്ക് വരനെ തേടാന്‍ ആരംഭിച്ചു. പ്രതിമയുടെ സഹോദരന്‍ സംഗ്രാന്‍ ബെഹ്റയെ സമീപിക്കുകയും അദ്ദേഹത്തിന്‍റെ മകനെക്കൊണ്ട് ലില്ലിയെ വിവാഹം ചെയ്യിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 

''എനിക്കറിയാം എന്‍റെ മകന്‍ ഇനി തിരിച്ചുവരില്ലെന്ന്. എനിക്ക്, 20 വയസ്സ് മാത്രം പ്രായമുള്ള മരുമകളുടെ കണ്ണീരുകണ്ട് നില്‍ക്കാനുമാകില്ല. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു, അവളെ വിവാഹം ചെയ്ത് നല്‍കണമെന്ന്'' - ആ അമ്മ പറഞ്ഞു. എന്‍റെ അച്ഛനും അമ്മയും മറ്റുബന്ധുക്കളും ലില്ലിയെ മരുമകളായി അംഗീകരിച്ചുകഴിഞ്ഞു. ഞാന്‍ സന്തോഷവാനാണെന്നിരിക്കെ പിന്നെ എന്തിന് എതിര്‍ക്കണം'' - ലില്ലിയുടെ വരന്‍ ചോദിച്ചു. 

click me!