ഭർത്താവിന്റെ ശവസംസ്ക്കാരം നടത്താൻ പണം കടം വാങ്ങി; തിരിച്ചടക്കാൻ കഴിഞ്ഞില്ല, മകനെ പണയം വച്ചു

By Web TeamFirst Published Mar 7, 2019, 7:11 PM IST
Highlights

ഗജ ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാണ് പണം കടം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് അമ്മ മകനെ ഒരു വ്യാപാരിക്ക് പണയം വയ്ക്കുകയായിരുന്നു.  

തഞ്ചാവൂർ: കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാത്തതിനെ തുടർന്ന് പത്ത് വയസുകാരനെ അമ്മ പണയം വച്ചു. ഗജ ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാണ് പണം കടം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് അമ്മ മകനെ ഒരു വ്യാപാരിക്ക് പണയം വയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയിലാണ് സംഭവം. 

ചുഴലിക്കാറ്റിൽ തകർന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനും കൂടിയാണ് യുവതി മഹാലിം​ഗ എന്നയാളിൽ നിന്ന് പണം കടം വാങ്ങിയത്. 36,000 രൂപയാണ് കടം വാങ്ങിയത്. എന്നാൽ പണം തിരിച്ച് നൽകാൻ കഴിയാതെയായപ്പോൾ കരാർ ജോലി ചെയ്യുന്നതിനായി മകനെ മഹാലിം​ഗത്തിന് പണയം വയ്ക്കുകയായിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെത്തി മഹാലിം​ഗത്തിൽ നിന്നും കുട്ടിയെ മോചിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ആട് വളർത്തൽ കേന്ദ്രത്തിൽ പത്ത് വയസുകാരൻ ജോലി ചെയ്യുന്നുണ്ടെന്ന നോൺ-പ്രോഫിറ്റ് സംഘടനയുടെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.     
 
അഞ്ചാം ക്ലാസിൽവച്ച് പഠനം നിർത്തിയ കുട്ടി ആട് വളർത്തൽ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഇരുന്നൂറോളം ആടുകളെ പരിപാലിക്കുന്ന കുട്ടിക്ക് കഴിഞ്ഞ രണ്ട് മാസമായി കഴിക്കാൻ നൽകുന്നത് ഒരു പാത്രം കഞ്ഞി മാത്രമാണ്. അതും രാവിലെ മാത്രം. 24 മണിക്കൂറും ആടിനെ പരിപാലിക്കേണ്ടതിനാൽ ഫാമിൽ തന്നെയാണ് കുട്ടി ഉറങ്ങാറ്. കുട്ടിയെ തഞ്ചാവൂരിലെ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയതായും നോൺ-പ്രോഫിറ്റ് സംഘടനയുടെ മേധാവിയായ പാർഥിമ രാജ് പറഞ്ഞു.     

click me!