മധ്യപ്രദേശ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീ. ഡയറക്ടര്‍ക്കും കൊവിഡ്; മുഖ്യമന്ത്രിയും ക്വാറന്റൈനില്‍

By Web TeamFirst Published Apr 5, 2020, 11:58 AM IST
Highlights

ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയ്ന്‍സിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വീട്ടില്‍ സമ്പര്‍ക്ക വിലക്കിലാണ്.
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും കൊവിഡ് പരിശോധനാഫലം പോസിറ്റീവായി. രാജ്യത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, അഡീ. ഡയറക്ടര്‍ ഡോ. വീണ സിന്‍ഹ എന്നിവര്‍ക്കാമ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭോപ്പാലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17 ആയി.

ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയ്ന്‍സിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വീട്ടില്‍ സമ്പര്‍ക്ക വിലക്കിലാണ്. 12 ഐഎഎസ് ഉദ്യോഗസ്ഥരോട് സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി ഉയര്‍ന്നു. 

രോഗബാധിതര്‍ സംബന്ധിച്ച യോഗത്തിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരോടാണ് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. എന്തെങ്കിലും ലക്ഷണം പ്രകടിപ്പിച്ചാല്‍ ഇവരോട് ആശുപത്രിയില്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചിലര്‍ ഹോട്ടലുകളിലും ചിലര്‍ ഗസ്റ്റ് ഹൗസുകളിലുമാണ് കഴിയുന്നത്. 

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ നാല് പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നേരത്തെ രോഗബാധിതനായ മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മകള്‍ക്കും രോഗം ഭേദമായി വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐഎഎസ് ഓഫിസര്‍മാരും മന്ത്രിമാരും താമസിക്കുന്ന പ്രദേശത്ത് കലക്ടര്‍ പ്രവേശനം നിരോധിച്ചു. 

click me!