
ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കർണാടക ഹൈക്കോടതി നോട്ടീസയച്ചത്. സംസ്ഥാന സർക്കാരിന് കീഴിലാണ് അന്വേഷണ ഏജൻസിയായ ലോകായുക്ത എന്നതിലാണ് നോട്ടീസെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി ജനുവരി 20 ന് പരിഗണിക്കുമ്പോൾ വ്യക്തമായ നിലപാട് അറിയിക്കണം എന്നാണ് നോട്ടീസിലെ ആവശ്യം.
അതേസമയം മുഡ അഴിമതി ഒരു കേസിലൊതുങ്ങില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി ചുരുങ്ങിയത് 700 കോടിയുടെതെന്നാണ് ഇ ഡി പറയുന്നത്. മുഡ കേസിൽ വൻ ക്രമക്കേട് നടന്നതിന് തെളിവ് കണ്ടെത്തിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം ലോകായുക്തയ്ക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 1095 പ്ലോട്ടുകൾ ബിനാമി പേരുകളിലോ വഴിവിട്ടോ ആണ് കൈമാറിയതെന്നും ഇ ഡി കണ്ടെത്തിയതായി പറയുന്നു. ഇവയ്ക്ക് എല്ലാം ചേർത്ത് മതിപ്പ് വില ഏതാണ്ട് 700 കോടിയെന്നാണ് ഇ ഡി വിവരിക്കുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതിക്ക് 14 പ്ലോട്ടുകൾ കൈമാറിയതിൽ നിരവധി ക്രമക്കേടുകളുണ്ടെന്നും ലോകായുക്തക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. പാർവതിക്ക് ഭൂമി പതിച്ച് നൽകുന്ന കാലത്ത് മകൻ യതീന്ദ്ര മുഡ ബോർഡ് മെമ്പറായിരുന്നു. അന്ന് വരുണ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ കൂടിയായിരുന്നു യതീന്ദ്ര. വ്യാജ ഒപ്പുകളും രേഖകളും അധികാരദുർവിനിയോഗവും ഭൂമി കൈമാറ്റത്തിൽ നടന്നെന്നും ഇ ഡി ചൂണ്ടികാട്ടിയിട്ടുണ്ട്. ഭൂമി കൈമാറ്റത്തിന് അടിസ്ഥാനമായ നിരവധി രേഖകൾ മുക്കിയെന്നും ഇ ഡി കത്തിൽ പറയുന്നുണ്ട്. ഭൂമി നഷ്ടപ്പെട്ടവരെന്ന പേരിൽ മറ്റ് പ്ലോട്ടുകൾ പതിച്ച് കിട്ടിയവരിൽ പലരും റിയൽ എസ്റ്റേറ്റുകാരും രാഷ്ട്രീയ സ്വാധീനമുള്ളവരുമാണെന്നും വിവരിക്കുന്നതാണ് ലോകായുക്തക്ക് ഇ ഡി നൽകിയ കത്ത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം