'രാഹുൽ ​ഗാന്ധി വലിയ ഒറ്റുകാരൻ, രാജ്യവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരുമായി ബന്ധം'; കടുത്ത ആരോപണവുമായി സംബിത് പത്ര

Published : Dec 05, 2024, 04:03 PM IST
'രാഹുൽ ​ഗാന്ധി വലിയ ഒറ്റുകാരൻ, രാജ്യവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരുമായി ബന്ധം'; കടുത്ത ആരോപണവുമായി സംബിത് പത്ര

Synopsis

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒസിസിആർപിയുടെ റിപ്പോർട്ടുകൾ രാഹുൽ ​ഗാന്ധി ഉപയോഗിച്ച ചില സന്ദർഭങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ​ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളും ചൊരിഞ്ഞ് ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ബിജെപിയുടെ ആരോപണം. ഇവിടെ ഒരു ത്രികോണം (triangle) നിലനിൽക്കുന്നുണ്ട്. അതിന്‍റെ ഒരു വശത്ത് അമേരിക്കയിൽ ഇരിക്കുന്ന ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികൾക്കൊപ്പം അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനുമാണെന്ന് അദ്ദേഹം ആരോപിച്ചു.  

ത്രികോണത്തിന്‍റെ മറ്റൊരു വശം ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) എന്ന പേരിലുള്ള ഒരു വലിയ വാർത്താ പോർട്ടലാണെന്നും മൂന്നാം കോണിൽ 'ഏറ്റവും വലിയ ഒറ്റുകാരനായ രാജ്യദ്രോഹി' രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ജോർജ് സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ആഗോള മാധ്യമ ഏജൻസിയായ ഒസിസിആർപി, ഏജൻസിക്ക് പണം നൽകുന്നവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രഞ്ച് മാധ്യമമായ 'മീഡിയപാർട്ട്' റിപ്പോർട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒസിസിആർപിയുടെ റിപ്പോർട്ടുകൾ കോൺഗ്രസ് നേതാവ് ഉപയോഗിച്ച ചില സന്ദർഭങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 

“ലോകമെമ്പാടും കൊവിഡിന്റെ ആഘാതമനുഭവിച്ചിരുന്ന 2021 ജൂലൈയിൽ ഒസിസിആർപി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ കൊവാക്സിൻ വാക്സിനായുള്ള 324 ദശലക്ഷം ഡോളറിന്‍റെ കരാറിൽ നിന്ന് ബ്രസീൽ പിൻവാങ്ങുന്നു എന്നതായിരുന്നു വാർത്ത. ഇത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര സർക്കാരിനെയും ഇവിടത്തെ വാക്സിനെയും ആക്രമിക്കാൻ കോൺഗ്രസ്  ഒരു വാർത്താ സമ്മേളനം നടത്തി. ഒസിസിആർപി നിർദ്ദേശിക്കുന്നു, രാഹുൽ ഗാന്ധി പിന്തുടരുന്നു” - സംബിത് പത്ര പറഞ്ഞു. 

ഇതിനു ശേഷം ഒസിസിആർപി റിപ്പോർട്ടിനെത്തുടർന്ന് പെഗാസസ് വിഷയത്തിലും രാഹുൽ ​ഗാന്ധി കേന്ദ്രസർക്കാരിനെയും ഇന്ത്യൻ വിപണികളെയും തകർക്കാൻ ലക്ഷ്യമിട്ടു. അതേ സമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും അമ്മ സോണിയാ ഗാന്ധിക്കും എതിരായ നിയമനടപടികൾ "രാഷ്ട്രീയ പ്രേരിതമാണ്" എന്നാണ് ഒസിസിആർപി വാർത്ത നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ചിലരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചകളും സംബിത് പത്ര ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിൽ സമുദ്ര നിരപ്പിൽ നിന്ന് 10000 അടി ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽ 28കാരിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു