
മുംബൈ: കുർളയിൽ നടപ്പാതയിലേക്ക് ബസ് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അപകടത്തിൽ 43പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 19 കാരി മുതൽ നഴ്സ് വരെ ഉൾപ്പെട്ടു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടം സംഭവിച്ചതിനു കാരണം ബ്രേക്ക് തകരാറായതാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
19കാരിയായ അഫ്രീൻ ഷാ, 55 കാരിയായ നഴ്‌സ് കന്നിസ് അൻസാരി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ജോലിക്ക് കയറിയ ആദ്യ ദിവസമാണ് അഫ്രീൻ അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്നു. വീട്ടിലേക്ക് പോകാന്‍ കുർള സ്റ്റേഷനിലേക്ക് നടന്നുപോകവെയാണ് അഫ്രീന്റെ ശരീരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്. നൈറ്റ് ഷിഫ്റ്റിന് പോകാനിറങ്ങിയപ്പോഴാണ് നഴ്സായ കന്നിസും അപകടത്തിൽപ്പെട്ടത്.
തിരക്കേറിയ എസ്‌ജി ബാർവേ മാർഗിൽ ബെസ്റ്റ് ബസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അഫ്രിൻ, കന്നിസ് എന്നിവരെ കൂടാതെ അനം ഷെയ്ഖ്, ശിവം കശ്യപ്, വിജയ് ഗെയ്‌ക്‌വാദ്, ഫാറൂഖ് ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More... യുടേൺ എടുത്ത ബസിനെ പിന്നാലെ വന്ന ലോറി ഇടിച്ച് തെറിപ്പിച്ചു,10 യാത്രികര്‍ക്ക് പരിക്ക്; അപകടം ശ്രീപെരുംപുത്തൂരിൽ
ഡ്രൈവർ സഞ്ജയ് മോറെയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നരഹത്യ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ചികിൽസാച്ചെലവും സർക്കാർ വഹിക്കും.