അഫ്ഗാനിൽ നിലപാട് വ്യക്തമാക്കി മോദി; മതമൗലിക വാദം വെല്ലുവിളി, താലിബാൻ ഭരണ സംവിധാനത്തിനും വിമർശനം

By Web TeamFirst Published Sep 17, 2021, 6:29 PM IST
Highlights

ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിലായിരുന്നു മോദിയുടെ  പരാമർശം. ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്

ദില്ലി: ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്ഗാനിസ്ഥാൻ മാറരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഫ്ഗാനിസ്ഥാനിലെ സർക്കാരിൽ സ്ത്രീകൾക്കും ന്യൂനപക്ഷത്തിനും പ്രാതിനിധ്യമില്ല. ചർച്ചയിലൂടെയല്ല ഇത് തീരുമാനിച്ചത്. മതമൗലിക വാദമാണ് മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്നും മോദി കുറ്റപ്പെടുത്തി. മേഖലയിലെ സുരക്ഷാപ്രശ്നങ്ങളും അശാന്തിയും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളർന്നു വരുന്ന മൗലികവാദമാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. 
 
ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിലായിരുന്നു മോദിയുടെ  പരാമർശം. ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. മൗലികവാദവും തീവ്രവാദവും മധ്യേഷയ്ക്കുയർത്തുന്ന ഭീഷണി ഷാങ്ഹായി സഹകണ സംഘടന നേരിടണം എന്ന് രാവിലെ നടന്ന പ്ളീനറി സമ്മേളനത്തിലും  മോദി പറഞ്ഞു. 

ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കണ്ടു. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കും. പാകിസ്ഥാനുമായുളള ബന്ധത്തിന്റെ  കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്ന് വിദേശകാര്യമന്ത്രി നിർദ്ദേശിച്ചു. സംസ്ക്കാരങ്ങൾക്കിടയിലെ ഏറ്റുമുട്ടലിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എസ് ജയശങ്കർ ചർച്ചയിൽ തുറന്നടിച്ചു.

click me!