'സിസ്റ്റം സത്യസന്ധരെ ശിക്ഷിക്കുന്നു, വാടകയ്ക്ക് താമസിക്കുന്നതാണ് ഭേദം'; മുംബൈയിൽ ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ച യുവാവിന്‍റെ അനുഭവം ചർച്ചയാകുന്നു

Published : Jun 24, 2026, 08:35 AM IST
mumbai homebuyer frustrated after seller demands rs 80 lakh cash in property deal

Synopsis

നികുതി കൃത്യമായി അടയ്ക്കുന്ന തന്‍റെ 'വൈറ്റ് മണി' ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഒരു വീട് വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവിന്‍റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു

മുംബൈ: നികുതി കൃത്യമായി അടയ്ക്കുന്ന തന്‍റെ 'വൈറ്റ് മണി' ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഒരു വീട് വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവിന്‍റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തെ നിലവിലെ വ്യവസ്ഥിതി സത്യസന്ധരായ നികുതിദായകരെ ശിക്ഷിക്കുന്നതാണെന്ന് അദ്ദേഹം തന്‍റെ അനുഭവത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി താനും ഭാര്യയും മുംബൈയിൽ ഒരു വീടിനായി അന്വേഷിക്കുകയാണെന്ന് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഒടുവിൽ കാന്തിവാലി ഈസ്റ്റിൽ 1,070 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റ് ഇവർക്ക് ഇഷ്ടപ്പെട്ടു. ഫ്ലാറ്റ് ഉടമ എല്ലാ നികുതികളും ഉൾപ്പെടെ 4.31 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് 4.21 കോടി രൂപ വരെ നൽകാമെന്ന് സമ്മതിച്ചെങ്കിലും ഉടമ അത് നിരസിച്ചു.

വിലപേശലിൽ ഉണ്ടായ വ്യത്യാസമല്ല, മറിച്ച് ഫ്ലാറ്റ് സ്വന്തമാക്കണമെങ്കിൽ വലിയൊരു തുക കള്ളപ്പണമായി നൽകണം എന്ന ഉടമയുടെ നിബന്ധനയാണ് യുവാവിനെ നിരാശനാക്കിയത്. 4.31 കോടി രൂപയുടെ ഇടപാടിൽ 80 ലക്ഷം രൂപ ക്യാഷായി നൽകണമെന്നായിരുന്നു ഉടമയുടെ ആവശ്യം. വിൽപന നികുതി വെട്ടിക്കുന്നതിനായി ആധാരത്തിൽ ഫ്ലാറ്റിന്റെ വില 4.31 കോടിക്ക് പകരം 3.50 കോടി രൂപ മാത്രമായി കാണിക്കാനാണ് ഉടമ ശ്രമിച്ചത്. കഠിനാധ്വാനം ചെയ്ത് താൻ സമ്പാദിച്ച വെളുത്ത പണം, ഈ വീട് വാങ്ങാനായി മാത്രം കള്ളപ്പണമാക്കി മാറ്റേണ്ട അവസ്ഥയാണെന്ന് യുവാവ് പറയുന്നു.

"ഒരു ശമ്പളക്കാരൻ എന്ന നിലയിൽ എന്റെ നികുതികൾ ടിഡിഎസ് വഴി നേരത്തെ തന്നെ കുറയ്ക്കുന്നുണ്ട്. മോശം അടിസ്ഥാന സൗകര്യങ്ങൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. അതിനുപുറമേയാണ് 80 ലക്ഷം രൂപ കള്ളപ്പണമായി സംഘടിപ്പിക്കാൻ ആളുകൾ ആവശ്യപ്പെടുന്നത്. ഇത് എന്നെ തികച്ചും മടുപ്പിച്ചു കഴിഞ്ഞു," യുവാവ് കുറിച്ചു.

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കള്ളപ്പണ ഇടപാടുകൾക്ക് നിൽക്കാതെ മറ്റ് പ്രോപ്പർട്ടികൾ നോക്കാനാണ് ഭൂരിഭാഗം പേരും യുവാവിനെ ഉപദേശിക്കുന്നത്. ആധാരത്തിൽ വില കുറച്ചു കാണിക്കുന്നത് ഭാവിയിൽ ഈ ഫ്ലാറ്റ് മറിച്ചു വിൽക്കുമ്പോൾ യുവാവിന് വലിയ തുക ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഇനത്തിൽ നഷ്ടമുണ്ടാക്കുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 4.3 കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റുകളിലോ ബോണ്ടുകളിലോ നിക്ഷേപിച്ച്, അതിൽ നിന്നുള്ള പലിശ കൊണ്ട് വാടകയ്ക്ക് താമസിക്കുന്നതാണ് ഇതിലും ഭേദമെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമബംഗാളിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പതിനായിരത്തിലേറെ പേർ ബംഗ്ലാദേശിലേക്ക് പോയി
അയോധ്യ സംഭാവന തട്ടിപ്പ്: സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക്, വിശദമായ മൊഴിയെടുക്കും